കേരളം കണ്ടറിഞ്ഞ സമര ജീവിതത്തിന് ഇന്ന് നൂറ് വയസ്... പതിനേഴാം വയസിൽ തുടങ്ങി നൂറാം വയസിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി ജീവിക്കുന്ന ഒരാൾ, മലയാളിയെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ...ജനം പ്രതിപക്ഷത്ത് നിന്നപ്പോഴെല്ലാം അവരുടെ ശബ്ദം. ആ വാക്കുകൾക്കായി ക്ഷമയോടെ കാത്തിരുന്ന പുരുഷാരം...വിഎസ് എന്ന രണ്ടക്ഷരത്തില്‍ കത്തിജ്വലിച്ച ആശയങ്ങൾ, സമരങ്ങൾ...
കേരളം കണ്ടറിഞ്ഞ സമര ജീവിതത്തിന് ഇന്ന് നൂറ് വയസ്...
" 1923 ഒക്‌ടോബർ 20-നാണ് ഞാൻ ജനിച്ചത്. ഇന്നത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വില്ലേജിൽ വരുന്ന വേലിയ്‌ക്കകത്ത് വീട്ടിൽ. അച്‌ഛൻ ശങ്കരൻ. അമ്മ അക്കമ്മ. ഇവരുടെ രണ്ടാമത്തെ മകൻ. എനിക്ക് നാലുവയസ്സുളളപ്പോൾ അമ്മ മരിച്ചു. അച്‌ഛൻ മരിച്ചതോടെ ഏഴാംക്ലാസിൽ പഠനം നിലച്ചു. എസ്.എസ്.എൽ.സിയെങ്കിലും നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ അന്ന് രാഷ്‌ട്രീയം കലങ്ങിമറിയുകയായിരുന്നു". 'സമരം തന്നെ ജീവിതമെന്ന' ആത്മകഥയില്‍ വിഎസ് സ്വയം വിശേഷിപ്പിച്ച് തുടങ്ങുന്നത് ഇങ്ങനെയാണ്....വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ ഒരിക്കലും പരാജയങ്ങളില്‍ തളർന്നില്ല, നീതിക്കു വേണ്ടിയുളള പോരാട്ടങ്ങൾക്കായി പുതിയ വഴികൾ തുറന്നിട്ടു...
വികസനത്തിന്‍റെ ആദ്യ പാഠം പ്രകൃതി സംരക്ഷണമാണെന്ന് ഉറക്കെപ്പറഞ്ഞ വിഎസ്. ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് തുന്നല്‍പണിക്കാരനായും കയർ തൊഴിലാളിയായും ജീവിതം തുടങ്ങിയ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ... ഈ പേരിനൊപ്പം കേരള രാഷ്ട്രീയം ആവേശത്തോടെ നടന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും കര്‍ക്കശക്കാരനായ നേതാവും സംഘാടകനും പ്രക്ഷോഭകാരിയും എന്ന അവസ്ഥയില്‍ നിന്ന് എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കുമതീതമായി ജനകീയനായ, ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി മാറിയ വിഎസ്. അഴിമതിയോടും അനീതികളോടും കലഹിച്ചു, ആശയത്തെ മുറുകെ പിടിച്ച് പാർട്ടിയോട് പോരടിച്ചു...
ചെറു കവിതകൾ, ഉപമകൾ, പഴമൊഴികൾ, തോൾ ചെരിച്ചൊരു ചിരിയും ചില ചോദ്യങ്ങളും.. പറഞ്ഞത് ആവർത്തിക്കുമ്പോൾ കേരളം അതായിരിക്കണം ചർച്ച ചെയ്യുകയെന്ന് വിഎസിന് ഉറപ്പുണ്ടായിരിക്കും. മതികെട്ടാനും മുല്ലപ്പെരിയാറും പൂയംകുട്ടിയും എൻഡോസൾഫാനും മറയൂരും മൂന്നാറും പ്ലാച്ചിമടയും... ഗ്രാഫൈറ്റും ഇടമലയാറും ഐസ്ക്രീം പാർലറും കിളിരൂരുമെല്ലാം വിഎസ് എന്ന രണ്ടക്ഷരത്തില്‍ കത്തിജ്വലിച്ചതാണ്.
സമൂഹത്തിലും സ്വന്തം പ്രസ്ഥാനത്തിലും സന്ധിയില്ലാത്ത സമരപോരാട്ടങ്ങൾ, ഉറച്ച നിലപാടുകൾ...കഴിഞ്ഞ എൺപത് വർഷത്തെ കേരളത്തിന്‍റെ ഓർമകളില്‍ അലയടിക്കുന്നത് പോലും വിഎസ് എന്ന 100 വയസിന്‍റെ രാഷ്ട്രീയ സമര യൗവനം...നാല് വർഷമായി പൂർണവിശ്രമത്തിലാണ് വിഎസ്. ആ വാക്കുകൾ, നിലപാടുകൾ കേരളം ആഗ്രഹിക്കുന്നുണ്ട്. ആധുനിക കേരള രാഷ്ട്രീയത്തെ പ്രതീക്ഷ നിർഭരമായി സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത വിപ്ലവ സൂര്യന് പിറന്നാൾ ആശംസകൾ.
also read: VS Achuthanandan political life birth day 'സമരം തന്നെ ജീവിതം', കേരളത്തിന്‍റെ വിപ്ലവ സൂര്യനായി ഉദിച്ചുയർന്ന വിഎസ്
also read: Pirappancode Murali About VS: 'ലോക കമ്മ്യൂണിസ്‌റ്റ് നേതാക്കന്മാരുടെ പാരമ്പര്യത്തിലുള്ള ഏക മനുഷ്യന്‍'; ഓര്‍മകള്‍ പങ്കുവച്ച് പിരപ്പന്‍കോട് മുരളി