തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്‌പ കുടിശിക ഒഴിവാക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ 2023 രണ്ടാം ഘട്ട കാമ്പയിന്‍ (Loan Arrear Clearance Campaign) ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ (VN Vasavan) അറിയിച്ചു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശിക അടച്ചു തീര്‍ക്കുന്നതിനായുള്ള പദ്ധതിയാണ് നവ കേരളീയം കുടിശിക നിവാരണം.
2023 നവംബര്‍ 30 വരെ കാമ്പയിന്‍ ഉണ്ടായിരിക്കും. പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ എടുത്ത് കുടിശിക ആയവര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ പദ്ധതി. സഹകരണസംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതും വായ്‌പ നല്‍കുന്നതുമായ എല്ലാ സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശിക ഇതുപ്രകാരം അടച്ചുതീര്‍ക്കാനാകും എന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.
ക്യാന്‍സര്‍ ബാധിതര്‍, കിഡ്‌നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായവര്‍, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയക്ക് വിധേയരായവര്‍, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളര്‍ന്ന് കിടപ്പായവര്‍, എയ്‌ഡ്‌സ് രോഗം ബാധിച്ചവര്‍, ലിവര്‍ സിറോസിസ് ബാധിച്ചവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്‌പക്കാരന്‍റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെട്ടശേഷം മാതാപിതാക്കള്‍ എടുത്ത വായ്‌പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്‌പകള്‍ തുടങ്ങി ഓരോ വായ്‌പക്കാരന്‍റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.