തിരുവനന്തപുരം :കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് വി.എം സുധീരൻ. വി.ഡി സതീശൻ നടത്തിയ ചർച്ച ഫലം കണ്ടില്ല. സുധീരനെ നിർബന്ധിച്ച് തീരുമാനം മാറ്റാൻ താൻ ആളല്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
രാജി വിഷയത്തില്‍ വി.എം സുധീരനെ നിർബന്ധിച്ച് തീരുമാനം മാറ്റാൻ താൻ ആളല്ലെന്ന് പ്രതിപക്ഷനേതാവ്. നേതൃത്വം എന്ന രീതിയിൽ തന്‍റെ ഭാഗത്തും വീഴ്‌ചകൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹത്തെ കണ്ട് ക്ഷമ ചോദിച്ചിട്ടുണ്ട്. സുധീരന്‍റെ തീരുമാനങ്ങൾ എന്നും ഉറച്ചതാണ്. അനുനയിപ്പിക്കാൻ അല്ല കൂടിക്കാഴ്ച നടത്തിയത്. ചർച്ച വ്യക്തിപരമാണെന്നും സതീശൻ പറഞ്ഞു.
ALSO READ:സുധീരന്‍റെ രാജിയില്‍ കലങ്ങി കോൺഗ്രസ്, അനുനയ നീക്കവുമായി നേതാക്കൾ
അതേസമയം, സതീശനുമായുള്ള കൂടിക്കാഴ്‌ചയിൽ സുധീരൻ കടുത്ത അതൃപ്തി അറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയിലെ അംഗമെന്ന നിലയിൽ യാതൊരു കൂടിയാലോചനകളും ചർച്ചയും താനുമായി നടത്താറില്ല.
പാർട്ടിയ്ക്ക് ഉണ്ടായിരുന്ന സുവർണാവസരങ്ങൾ നഷ്‌ടപ്പെടുത്തിയെന്നും സുധീരൻ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. സതീശനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ സുധീരൻ തയ്യാറായില്ല. ഈ വിഷയത്തിൽ തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.