തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ തീരശോഷണം പഠിക്കാൻ വിഴിഞ്ഞം സമരസമിതി. തീരശോഷണത്തിലും പാരിസ്ഥിതിക ആഘാതത്തിലും ജനപിന്തുണയോടെ നാളെ (നവംബര്‍ 1) മുതൽ പഠനം നടത്താന്‍ ഇന്ന് ചേർന്ന സമരസമിതി യോഗം തീരുമാനിച്ചു. അതേസമയം വിഴിഞ്ഞം സമരത്തിന്‍റെ നൂറാം ദിനം മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ സമരസമിതി ഖേദം പ്രകടിപ്പിച്ചു.
'പ്രകോപനമുണ്ടാക്കിയത് അദാനിയുടെ ആളുകള്‍'; തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തീരശോഷണം പഠിക്കാൻ വിഴിഞ്ഞം സമരസമിതി
വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തീരശോഷണത്തിലും പാരിസ്ഥിതിക ആഘാതത്തിലും ജനപിന്തുണയോടെ പഠനം നടത്താന്‍ തീരുമാനിച്ച് വിഴിഞ്ഞം സമരസമിതി
ആരോപണം അടിസ്ഥാന രഹിതം: ഡിസിപിയുടെ മറവിൽ പൊലീസ് ഫോട്ടോഗ്രാഫർ പ്രകോപനം സൃഷ്‌ടിച്ചു. ഇതായിരുന്നു കയ്യേറ്റത്തിലേക്കെത്താനുള്ള കാരണം. സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും സമരത്തെ തകർക്കാൻ തല്‍പര ശക്തികൾ നിഗൂഢശ്രമങ്ങൾ നടത്തുന്നതായും യോഗം അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്താന്‍ വിദേശഫണ്ട് ഒഴുകിയെത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും യോഗം വ്യക്തമാക്കി.
വിദേശഫണ്ട് സ്വീകരിച്ചെങ്കിൽ അത് കണ്ടെത്തണം. വിദേശ ശക്തികളുമായി സമരത്തിന് ബന്ധമില്ല. ഇന്ത്യയിൽ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കർശന നിയന്ത്രണമുണ്ടെന്നും ആരെങ്കിലും ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. തങ്ങൾ നടത്തുന്ന സമരത്തിനെതിരെ എതിർ സമരം നടത്താൻ സർക്കാരും പിണിയാളുകളും സഹായമൊരുക്കുന്നുവെന്നും സമരപ്പന്തലിൽ പ്രകോപനമുണ്ടാക്കിയത് അദാനിയുടെ ആളുകളാണെന്നും സമരസമിതി കുറ്റപ്പെടുത്തി.