വികസന ചരിത്രം കുറിക്കാന്‍ വിഴിഞ്ഞം തുറമുഖം തിരുവനന്തപുരം: കേരളത്തിന്‍റെ വികസന കുതിപ്പിന് പുത്തന്‍ നാഴികക്കല്ലാകുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക് ചുവടുവയ്ക്കുന്നു. തുറമുഖത്തിനാവശ്യമായ പടുകൂറ്റന്‍ ക്രെയിനുകളും വഹിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖത്തെത്തിയ പടുകൂറ്റന്‍ ചരക്കുകപ്പലിനെ ഞായറാഴ്‌ച (ഒക്‌ടോബര്‍ 15) ഔദ്യോഗികമായി സ്വീകരിക്കുന്നതോടെ രാജ്യാന്തര കപ്പല്‍ ചരക്ക് ഗതാഗത മേഖലയില്‍ വിഴിഞ്ഞം പുതുചരിത്രം രചിക്കും.
വൈകിട്ട് നാലിന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യ ചരക്ക് കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ചൈനയിലെ ഷാങ്‌ഹായി തുറമുഖത്ത് നിന്ന് ഓഗസ്‌റ്റ് 30നാണ് വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളും വഹിച്ചുകൊണ്ടുള്ള ചരക്കുകപ്പല്‍ പുറപ്പെട്ടത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി അവിടേക്കാവശ്യമായ ക്രെയിനുകള്‍ ഇറക്കിയ ശേഷമാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് തിരിച്ചത്. ഒക്‌ടോബര്‍ 12ന് വിഴിഞ്ഞത്തെത്തിയ ഷങ്‌ഹുവാ എന്ന കപ്പലിന് പരമ്പരാഗത രീതിയിലുള്ള വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് തുറമുഖത്തേക്ക് സ്വീകരിച്ചത്.
തുറമുഖത്ത് എത്തിച്ചേരുന്ന കപ്പലുകള്‍ അടുപ്പിക്കുന്നതിനുള്ള 817 മീറ്റര്‍ ബെര്‍ത്ത് അഥവാ ജെട്ടിയാണ് പണിയുന്നത്. ഇതില്‍ 400 മീറ്ററിന്‍റെ പണി പൂര്‍ത്തിയായികഴിഞ്ഞു. അവശേഷിക്കുന്ന 400 മീറ്ററിന്‍റെ പണി 2024 മെയ് മാസത്തില്‍ പൂര്‍ത്തിയായി തുറമുഖത്തിന്‍റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിക്കും.
വിഴിഞ്ഞം തുറമുഖം ഒറ്റ നോട്ടത്തില്‍: അറബിക്കടലില്‍ തെക്കേ മുനമ്പില്‍ രാജ്യാന്തര കപ്പല്‍ ചാലില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണ് വിഴിഞ്ഞത്തേക്കുള്ളത്. ലോകത്ത് ഇന്നുള്ള ഏറ്റവും വലിയ മദര്‍ ഷിപ്പുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക തുറമുഖമാണ് വിഴിഞ്ഞം. നിലവിലുള്ള ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ക്ക് അടുക്കാന്‍ വേണ്ടത് 700 മീറ്റര്‍ ബെര്‍ത്താണ്. വിഴിഞ്ഞത്ത് ഒന്നാംഘട്ടത്തില്‍ ഒരുങ്ങുന്നത് 817 മീറ്റര്‍ ബെര്‍ത്താണ്.
ഇതിന്‍റെ 400 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. ബാക്കി ബെര്‍ത്തിന്‍റെ നിര്‍മാണം 2024 മേയില്‍ പൂര്‍ത്തിയാക്കും. നിലവില്‍ സിംഗപ്പൂര്‍, കൊളംബോ, സലാല തുറമുഖങ്ങള്‍ക്കാണ് ഇത്തരം കപ്പലുകളെ സ്വീകരിക്കാനുള്ള ശേഷിയുള്ളത്. രാജ്യത്തിനുള്ളിലുള്ള ചരക്കുനീക്കത്തിന് ഇനി പൂര്‍ണമായും വിഴിഞ്ഞം തുറമുഖം ഉപയോഗിക്കാം. സിംഗപ്പൂര്‍, കൊളംബോ, സലാല തുറമുഖങ്ങളെ ആശ്രയിക്കുന്നത് പൂര്‍ണമായി ഒഴിവാക്കുന്നതിലൂടെ സമയനഷ്‌ടവും ചെലവും വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയുന്നത് ഇന്ത്യന്‍ കപ്പല്‍ ചരക്ക് ഗതാഗത മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരും.
തുറമുഖത്തിന് 18 മുതല്‍ 20 മീറ്റര്‍ വരെയാണ് സ്വാഭാവിക ആഴം. മണ്ണ് നീക്കല്‍ അഥവാ ഡ്രഡ്‌ജിങ് ആവശ്യമില്ല. ഒന്നാംഘട്ടത്തില്‍ ആകെ മൂന്ന് കിലോമീറ്റര്‍ അഥവാ 2960 മീറ്റര്‍ പുലിമുട്ട് നിര്‍മിക്കും. ഇതില്‍ 2360 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. ഫാര്‍ ഈസ്റ്റില്‍ നിന്ന് മിഡില്‍ ഈസ്‌റ്റിലേക്കുള്ള പ്രധാന കപ്പല്‍ പാതയ്ക്ക് തൊട്ടടുത്താണ് വിഴിഞ്ഞത്തിന്‍റെ സ്ഥാനം. ലോകത്തിലെ മൊത്തം സമുദ്ര ചരക്ക് നീക്കത്തിന്‍റെ 30 ശതമാനവും ഈ റൂട്ടിലൂടെയാണ്. ഈ റൂട്ടില്‍ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ളത് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രം.
എന്തുകൊണ്ട് വിഴിഞ്ഞം:ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖം എന്ന നിലയിലാണ് വിഴിഞ്ഞം രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്. വന്‍ ചരക്കുകപ്പലുകളില്‍ എത്തുന്ന ചരക്കു കപ്പലുകളില്‍ നിന്ന് കണ്ടെയ്‌നറുകള്‍ വിഴിഞ്ഞം തുറമുഖത്തിറക്കിയ ശേഷം മറ്റ് കപ്പലുകളില്‍ ഇന്ത്യയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെ തുറമുഖത്തേക്കും കൊണ്ടുപോകും. വിഴിഞ്ഞത്തെത്തുന്ന ആകെ ചരക്കിന്‍റെ 90 ശതമാനവും ഇത്തരത്തിലായിരിക്കും കൊണ്ടുപോകുക. ചരക്ക് നീക്കം റെയില്‍ മാര്‍ഗവും റോഡുമാര്‍ഗവും 10 ശതമാനം മാത്രമാവും.
മൂന്ന് ഘട്ടമായാണ് വിഴിഞ്ഞം തുറമുഖ വികസനം ലക്ഷ്യമിടുന്നത്. ഒന്നാംഘട്ടം 2024 മേയില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കും. ഒന്നാം ഘട്ടത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ടിഇയു ചരക്കുകള്‍ കൈകാര്യം ചെയ്യും. രണ്ടാം ഘട്ടത്തില്‍ ഇത് 25 ലക്ഷം ടിഇയു ആയും മൂന്നാം ഘട്ടത്തില്‍ 30 ലക്ഷം ടിഇയു ആയും വര്‍ധിപ്പിക്കും.
തുറമുഖത്തേക്ക് ദേശീയ പാതയില്‍ നിന്ന് 1.7 കിലോമീറ്റര്‍ റോഡ് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. വിഴിഞ്ഞത്ത് നിന്ന് ബാലരാമപുരത്തേക്ക് റെയില്‍ ഗതാഗതത്തിന് രണ്ട് കിലോമീറ്ററില്‍ താഴെയാണ് തുരങ്കപാത. ഇതിന്‍റെ നിര്‍മാണ ചുമതല കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ്.
ആദ്യഘട്ടത്തില്‍ നേരിട്ടും അല്ലാതെയും ആറായിരത്തോളം തൊഴിലവസരങ്ങളുമുണ്ടാവും. അതായത് ടൂറിസം, ഹോട്ടല്‍ വ്യവസായ മേഖലകള്‍ക്ക് ധ്രുത വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണ ചെലവ് 7700 കോടിയാണ്. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പ് എന്നിവ ചേര്‍ന്നാണ് നിര്‍മാണം. 40 വര്‍ഷത്തേക്ക് ഇതിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിനാണ്.