എറണാകുളം:വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള തടസങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി. റോഡുകളിലെ തടസങ്ങളടക്കം മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഉത്തരവ് നടപ്പിലാക്കിയതിന്‍റെ വിശദാംശങ്ങൾ അടുത്ത ചൊവ്വാഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി കർശന നിർദേശം നൽകി.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള തടസം നീക്കണം: കർശന നിർദേശവുമായി ഹൈക്കോടതി - High Court
ബലം പ്രയോഗിച്ച് ഉപരോധം ഒഴിപ്പിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും ഉത്തരവ് നടപ്പാക്കാനാണ് ഹൈക്കോടതി നിര്‍ദേശം
റോഡ് ഉപരോധത്തിന്‍റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവുണ്ടായിട്ടും സമരപ്പന്തൽ പൊളിച്ചു മാറ്റിയില്ലെന്നും ഇതിന് പൊലീസിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. അതേസമയം, ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാൽ മരണം വരെ സംഭവിക്കാം. ക്രമസമാധാനം ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാരിനെതിരായ അദാനി ഗ്രൂപ്പിന്‍റെയും കരാർ കമ്പനിയുടെയും കോടതി അലക്ഷ്യ ഹർജികൾ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് (ഒക്‌ടോബര്‍ 25) മാറ്റി. കോടതിയലക്ഷ്യ ഹർജികൾ നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. സെപ്റ്റംബർ ഒന്നിനാണ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണം എന്നായിരുന്നു കോടതി നിർദേശം.