തിരുവനന്തപുരം: ലോകത്തില്‍ ഇപ്പോള്‍ നിലവിലുള്ളതും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കപ്പെടാന്‍ സാധ്യതയുള്ളതുമായ ഏറ്റവും വലുപ്പമുള്ള ചരക്കു കപ്പലിന് (Biggest Commercial Ship) നങ്കൂരമിടാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക തുറമുഖമായിരിക്കും തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് (Vizhinjam International Port) തുറമുഖ നിര്‍മാതാക്കളായ അദാനി പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് (Adani Ports Private Limited) സിഇഒ (ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍) രാജേഷ് കുമാര്‍ ഝാ അറിയിച്ചു. അടുത്ത വര്‍ഷം മെയ് മാസത്തില്‍ തുറമുഖത്തിന്‍റെ ഒന്നാംഘട്ടം പ്രവര്‍ത്തന സജ്ജമാകുന്നതിന് മുന്നോടിയായി തുറമുഖത്തെ ചരക്കുനീക്കത്തിനാവശ്യമായ പടുകൂറ്റന്‍ ക്രെയിനുകളും വഹിച്ചു കൊണ്ടുള്ള ചരക്കുകപ്പല്‍ ചൈനയിലെ ഷാങ്‌ഹായ് തുറമുഖത്തു നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഈ മാസം 15ന് (ഒക്‌ടോബര്‍ 15) എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജേഷ് കുമാര്‍ ഝാ.
ലോകത്തില്‍ ഇപ്പോള്‍ നിലവിലുളള ഏറ്റവും വലിയ ചരക്കുകപ്പലിന്‍റെ വലുപ്പം 24000 ടിഇയു (TEU) ആണ് (കപ്പലുകളുടെ വലിപ്പം അളക്കുന്ന യൂണിറ്റാണ് ടിഇയു അഥവാ ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റ്). അതായത് ഒരു ഷിപ്പിങ് കണ്ടെയിനറിന്‍റെ ഉള്‍വശത്ത് 20 അടി നീളവും എട്ടടി വീതിയും എട്ടടി ഉയരവും. ഇത്തരം കപ്പലുകള്‍ക്ക് അടുക്കാന്‍ വേണ്ടത് 700 മീറ്റര്‍ ബെര്‍ത്ത് അഥവ ജെട്ടിയാണെങ്കില്‍, വിഴിഞ്ഞത്ത് ഒന്നാം ഘട്ടത്തില്‍ ഒരുങ്ങുന്നത് 817 മീറ്റര്‍ ബൈര്‍ത്താണ്. ഇതില്‍ 400 മീറ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ബാക്കിയുള്ള 400 മീറ്ററിന്‍റെ നിര്‍മാണം മാര്‍ച്ചില്‍ ആരംഭിച്ച് 2024 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ചരക്ക് കപ്പലുള്‍ക്ക് നങ്കൂരമിടാന്‍ 700 മീറ്റര്‍ ബെര്‍ത്ത് മതിയാകും എന്നിടത്താണ് വിഴിഞ്ഞത്ത് 817 മീറ്റര്‍ ബര്‍ത്ത് പൂര്‍ത്തിയാകുന്നത്. മാത്രമല്ല, അടുത്ത 10 വര്‍ഷത്തിനിടയില്‍ ഉണ്ടാകാനിടയുള്ള ഏറ്റവും വലിയ ചരക്കുകപ്പലുകളെ സ്വീകരിക്കാനും ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം സജ്ജമാകും.
ഒന്നാം ഘട്ടത്തില്‍ ആകെ 2960 മീറ്റര്‍ പുലിമുട്ടാണ് നിര്‍മിക്കേണ്ടത്. ഇതില്‍ ഇനി 600 മീറ്റര്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ളത്. ബാക്കി മുഴുവന്‍ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞതായി രാജേഷ് ഝാ പറഞ്ഞു.