തിരുവനന്തപുരം : വിഴിഞ്ഞത്തെ വൃദ്ധയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. 71 കാരി ശാന്തകുമാരിയില്‍ നിന്നും കവർന്ന സ്വർണവുമായി നാടുവിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കവർന്ന സ്വർണത്തിന്‍റെ ഒരു ഭാഗം പണയം വച്ചതായും പൊലീസ് കണ്ടെത്തി.
വിഴിഞ്ഞം സ്വദേശിയും 50 കാരിയുമായ റഫീഖ ബീവി വാടകക്കെടുത്ത വീട്ടിലാണ് സമീപവാസിയായ ശാന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷീറ്റ് മേഞ്ഞ വീടിന്‍റെ തട്ടിൽ തലയ്ക്കടിയേറ്റ് വികൃതമായ നിലയിലായിരുന്നു ശാന്തകുമാരിയുടെ മൃതദേഹം. സമീപത്തുനിന്നും ആക്രമണത്തിന് ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് റഫീഖ ബീവിയുടെ മകൻ ഷഫീഖ്, റഫീഖയുടെ ആൺ സുഹൃത്ത് കോഴിക്കോട് സ്വദേശി അൽ അമീൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് മുല്ലൂർ സ്വദേശി നമ്പീശൻ എന്ന കുമാറിന്‍റെ വീട് റഫീഖ വാടകയ്‌ക്കെടുത്തത്. അൽ അമീനും ഇവിടെ എത്തിയതോടുകൂടി മദ്യപാനവും തുടർന്നുള്ള വാക്കേറ്റവും പതിവായിരുന്നു. സമീപവാസികളുടെ പരാതിയെ തുടർന്ന് നമ്പീശൻ ഇവരോട് വീടൊഴിയാൻ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച ഒഴിയണമെന്നായിരുന്നു അന്ത്യശാസനം. രാത്രി വൈകിയും താക്കോൽ ലഭിക്കാത്തതിനാൽ വീട്ടുടമസ്ഥൻ നടത്തിയ പരിശോധനയിൽ ആണ് സംഭവം പുറത്തറിയുന്നത്.
വീട്ടിൽ താക്കോൽ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളഞ്ഞെന്നാണ് ഉടമസ്ഥൻ കരുതിയത്. വീടിന് മുകളിൽ കയറി മുറി പരിശോധിച്ചപ്പോൾ മുറിയിൽ തളം കെട്ടി കിടക്കുന്ന രക്തവും, തട്ടിൻപുറത്ത് മൃതദേഹത്തിന്‍റെ കാലും കണ്ട് വീട്ടുടമ വിഴിഞ്ഞം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
റഫീഖയുടെ മൃതദേഹമാണ് കണ്ടത് എന്നായിരുന്നു വാർത്തകൾ പരന്നത്. എന്നാൽ രാവിലെ മുതൽ അയൽവാസിയായ ശാന്തകുമാരിയെ കാണാനില്ലെന്ന് ബന്ധുക്കൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് പരിശോധനയിലാണ് മൃതദേഹം ശാന്തകുമാരിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.