തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് (vizhinjam international seaport) ലോകത്തെ മറ്റ് വന്‍കിട തുറമുഖങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് വിഴിഞ്ഞം അദാനി പോര്‍ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) രാജേഷ്‌കുമാര്‍ ഝാ (Vizhinjam CEO On Port). ഓസ്‌ട്രേലിയയില്‍ ഉള്‍പ്പെടെ ലോകത്ത് 18 തുറമുഖങ്ങള്‍ നടത്തി പരിചയമുള്ള അദാനിക്ക് എതിരാളികളെ കൈകാര്യം ചെയ്‌ത് നല്ല പരിചയമുണ്ട്. ഈ പരിചയം വിഴിഞ്ഞത്തിന്‍റെ കാര്യത്തില്‍ പ്രയോജനം ചെയ്യും. ലാഭത്തിന്‍റെ കാര്യത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെങ്കിലും എത്രയും വേഗത്തില്‍ പ്രവര്‍ത്തന ലാഭത്തിലെത്തിക്കാനാകും പരിശ്രമമെന്ന് ഝാ പറഞ്ഞു.
വിഴിഞ്ഞം രാജ്യത്തിനകത്തെ ചരക്കു നീക്കമാണ് പ്രധാനമായി കൈകാര്യം ചെയ്യുക. വിഴിഞ്ഞത്തിന്‍റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ളത് 2024 ഡിസംബറിലാണെങ്കിലും 2024 മെയ് മാസത്തില്‍ പദ്ധതിയുടെ ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിക്കും. ഇപ്പോള്‍ വിഴിഞ്ഞത്ത് ക്രെയിനും വഹിച്ചുകൊണ്ട് കപ്പലെത്തിയതു പോലെ ഒന്നാം ഘട്ടം പ്രവര്‍ത്തന സജ്ജമാകുന്ന മെയ് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ 15 കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേരും.
പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ വര്‍ഷത്തില്‍ വിഴിഞ്ഞത്തെ ചരക്കു നീക്കം 6000 ടിഇയു(ട്വിന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) ആയിരിക്കും. ഇത് ഒരു ദശലക്ഷം ടിഇയു ആയും പിന്നീട് ഒന്നര ദശലക്ഷം ടിഇയു ആയും വര്‍ധിപ്പിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ചരക്കു നീക്കം ഒന്നര ദശലക്ഷം യൂണിറ്റില്‍ നിന്ന് 2.5 ലക്ഷം ടിഇയു ആയും മൂന്നാം ഘട്ടം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 3 ദശലക്ഷം ടിയുഇ ആയും ഉയരും.