തിരുവനന്തപുരം: കേരളത്തെ അനീമിയ മുക്തമാക്കുന്നതിനായി 'വിവ കേരളം' കാമ്പയിന് രൂപം കൊടുത്ത് ആരോഗ്യവകുപ്പ്. ഇതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ മാസം തുടങ്ങുന്ന ക്യാമ്പയിൻ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് ആരംഭിക്കുക.
കാമ്പയിന്‍റെ ഭാഗമായി 15 നും 59 വയസിനും ഇടയിലുള്ള വനിതകളുടെ വാർഡ് തിരിച്ചുള്ള കണക്കെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കാമ്പയിന്‍റെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 15 മുതൽ 59 വയസ് വരെയുള്ള വനിതകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ആണ് ക്യാമ്പയിന്‍റെ ലക്ഷ്യം.