തിരുവനന്തപുരം: ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകൾ പങ്കുവച്ച് വിഷു നാളെ (15.04.2022). പതിവുമാറി മേടം രണ്ടിനാണ് ഇത്തവണ വിഷു. മേടം ഒന്നിന് സൂര്യോദയത്തിന് ശേഷം സംക്രമം വരുന്നതിനാലാണ് ഇക്കുറി അടുത്ത പുലരിയിൽ കണിയൊരുക്കി വിഷുവിനെ വരവേൽക്കുന്നത്.
വരുന്ന വർഷത്തിൻ്റെ നന്മകൾ പ്രതീക്ഷിച്ച് ലോകമെങ്ങും മലയാളികൾ നാളെ കണിയൊരുക്കും. കണിയൊരുക്കത്തിന് വീടും വിപണിയും ഒരുങ്ങിക്കഴിഞ്ഞു.
മലയാളിയും വിഷുവും:മലയാളിയുടെ കാർഷിക സംസ്‌കാരത്തിൻ്റെ തനിമയും പച്ചപ്പും ഓർമപ്പെടുത്തുന്ന ഉത്സവമാണ് വിഷു. കുംഭം - മീനം മാസങ്ങളിലെ കടുത്ത ചൂട് പിന്നിട്ട് മേടവിഷു എത്തുന്നതോടെ ആണ്ടറുതി. പോയ വർഷത്തിൻ്റെ നൊമ്പരങ്ങൾ കുടഞ്ഞെറിഞ്ഞ് പുതിയ വിളവെടുപ്പുകാലത്തിൻ്റെ ആവേശത്തിന് വിഷുവാണ് തുടക്കമിടുക.
വേനലിൽ പൂക്കുന്ന കൊന്നപ്പൂമഞ്ഞകൾ നിരത്തി, പൊന്നും പട്ടും പറമ്പിലെ ഫലങ്ങളും കൃഷ്‌ണരൂപവും കണികണ്ട് വർഷം തുടങ്ങുന്നതോടെ നിറഞ്ഞ സംതൃപ്‌തി. കൃഷി സാർവത്രികമായിരുന്ന പഴയ കാലത്ത് കണിയൊരുക്കാനുള്ളതൊക്കെ സ്വന്തം പറമ്പിൽ കിട്ടിയിരുന്നു. പറമ്പിൻ്റെ അതിർത്തികൾ ചുരുങ്ങുകയും മുറ്റം ചെറുതാകുകയും ചെയ്‌തതോടെ പുതിയ തലമുറയിലെ ഏറെപ്പേർക്കും വിഷുക്കണി വിലയ്ക്കു വാങ്ങേണ്ടി വരും. കണിവെള്ളരി പോലും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നു.