തിരുവനന്തപുരം : ത്രിവേണി സ്റ്റോറിലെ ജീവനക്കാരോട് മോശമായി പെരുമാറിയതിന് ജില്ല പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി സ്റ്റോറിലെ ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
1200 ചതുരശ്ര അടിയുള്ള കെട്ടിടം 7000 രൂപ വാടകക്ക് കഴിഞ്ഞ 3 വർഷമായി വെള്ളനാട് സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ്. മൂന്നുവർഷ കരാർ കാലാവധി കഴിഞ്ഞിട്ടും സ്ഥാപനം ഒഴിയാത്തതിലെ അരിശമാണ് വെള്ളനാട് സഹകരണ ബാങ്ക് പ്രസിഡന്‍റും ജില്ല പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി ജീവനക്കാരോട് കാണിച്ചത്.
ശനിയാഴ്‌ച രാവിലെ വെള്ളനാട് ശശി, ബാങ്ക് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ത്രിവേണി സ്റ്റോറിലെത്തി സെയിൽസ് വുമൺ മഞ്ജു , മാനേജർ ശർമിള എന്നിവരോട് മോശമായി സംസാരിക്കുകയും സ്ഥാപനത്തിനുള്ളിൽ നിന്നും പൂട്ടും താക്കോലും കൈക്കലാക്കി ജീവനക്കാരെ പുറത്താക്കി താഴിടുകയും ചെയ്‌തു.