തിരുവനന്തപുരം: കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വന്‍തട്ടിപ്പ് നടക്കുന്നതായി അഗ്നിരക്ഷ സേനയുടെ ആഭ്യന്തര വിജിലൻസിന്‍റെ കണ്ടെത്തല്‍. കെട്ടിട ഉടമകള്‍ അടക്കേണ്ട ഫീസ്, റെക്കോഡുകളില്‍ കുറച്ച് കാണിച്ച് ഉദ്യോഗസ്ഥര്‍ ഇതിലൂടെ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്നും വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ക്ക് സിബിഎസ്‌ഇ അംഗീകാരം നേടുന്നതിനായി ക്ലാസ് മുറിയുള്ള കെട്ടിടങ്ങള്‍ക്ക് വേണ്ട അഗ്‌നി രക്ഷ സര്‍ട്ടിഫിക്കറ്റ് യാതൊരു വിധ പരിശോധനകളും നടത്താതെ നല്‍കുന്നുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.
ഹോട്ടലുകൾക്ക് സ്റ്റാർ ഹോട്ടൽ പദവി ലഭിക്കുന്നതിനും ഇതേ വ്യവസ്ഥയുണ്ട്. ഇവരിൽ നിന്നെല്ലാം പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന സൂചനയാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ചതുരശ്രമീറ്റർ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റിനുള്ള ഫീസ് കണക്കാക്കേണ്ടത്. എന്നാൽ ഇതൊന്നും നോക്കാതെ 2000 രൂപമാത്രം ഈടാക്കിയാണ് ഇത്തരം കെട്ടിടങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും സംഘം അന്വേഷണത്തില്‍ കണ്ടെത്തി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. ഈ രണ്ട് ജില്ലകളിലും സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് ഒരാള്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തട്ടിപ്പിനായി മറ്റുള്ളവരുടെ പാസ്‌വേഡ് :സര്‍ട്ടിഫിക്കറ്റുകളിലും മറ്റും തട്ടിപ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരില്‍ ചിലര്‍ മറ്റ് ഉദ്യോഗസ്ഥരുടെ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കണ്ണൂരില്‍ സ്റ്റേഷൻ ഓഫിസറുടെ പാസ്‌വേഡ് ഉപയോഗിച്ച് ജില്ല ഫയർ ഓഫിസറായിരുന്ന ബി.രാജ് ഓൺലൈൻ അപേക്ഷ കൈകാര്യം ചെയ്‌തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഓൺലൈൻ അപേക്ഷകൾ സ്റ്റേഷൻ ഓഫീസറാണ് പരിശോധിക്കേണ്ടത്. അതിനുശേഷം ‘എഗ്രി’ ഓപ്ഷൻ നൽകിയാൽ മാത്രമാണ് അപേക്ഷ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുക. ഇത്തരം പരിശോധന മറികടക്കാനാണ് സ്റ്റേഷൻ ഓഫിസറുടെ പാസ്‌വേഡ് ഉപയോഗിച്ച് ഫയർ ഓഫിസർ അപേക്ഷ കൈകാര്യം ചെയ്‌തത്. ഇത്തരത്തില്‍ നിര്‍മിച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആവശ്യമായ ഫീസ് പോലും ഈടാക്കിയിട്ടില്ലെന്നും കണ്ടെത്തി.
സംഭവത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ നവംബറില്‍ രാജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും വിഷയത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.