തിരുവനന്തപുരം :ഓരോ വകുപ്പിലെയും ആഭ്യന്തര വിജിലന്‍സിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ ഏജന്‍സിയുടെ ആസ്ഥാനത്ത് സമര്‍പ്പിക്കണമെന്ന് ഡയറക്‌ടര്‍ മനോജ് എബ്രഹാം ഐപിഎസ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അഭ്യന്തര ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിജിലന്‍സ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. അടുത്തിടെ വിവിധ വകുപ്പുകളില്‍ ആഭ്യന്തര വിജിലന്‍സിന്‍റെ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പ് മേധാവികളെയും ഉള്‍പ്പെടുത്തി യോഗം സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.
നിര്‍ദേശം നടപ്പിലാക്കാന്‍ പരിശീലനം :വിജിലന്‍സ് ഡയറക്‌ടര്‍ മനോജ് എബ്രഹാം ഐപിഎസിന്‍റെ നിര്‍ദേശം നടപ്പിലാക്കാനായി പൊതുമേഖല സ്ഥാപനങ്ങളിലെ മുഴുവന്‍ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ഇന്‍ ഗവണ്‍മെന്‍റ് (ഐ എം ജി), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്‌മിനിസ്‌ട്രേഷന്‍ (കില) എന്നിവിടങ്ങളില്‍ പരിശീലനവും സംഘടിപ്പിക്കും. ഇതിനായുള്ള പരിശീലന മൊഡ്യൂള്‍ തയ്യാറാക്കി വരികയാണ്. മൊഡ്യൂള്‍ തയ്യാറാക്കിയതിന് ശേഷമാകും പരിശീലന പരിപാടികള്‍ ആരംഭിക്കുക.
വകുപ്പുകളുടെ ഘടന, അഴിമതി നടക്കാന്‍ സാധ്യതയുള്ള നടപടി ക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാകും മൊഡ്യൂള്‍ തയ്യാറാക്കുക. ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ഓഫിസുകള്‍ സന്ദര്‍ശിക്കണമെന്ന് യോഗത്തില്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഐ പി എസ് പറഞ്ഞു. ഇടയ്ക്കിടെയുള്ള സന്ദര്‍ശനം ഓഫിസുകളില്‍ അഴിമതി നടക്കാനുള്ള സാധ്യത ഒഴിവാക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ ജീവനക്കാരുമായി നേരിട്ട് ഇടപെടുന്നത് ഒഴിവാക്കി സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നുണ്ടോയെന്ന് ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ഇത്തരത്തില്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് യഥാസമയം ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇത്തരത്തില്‍ അഴിമതിയെ പ്രാരംഭഘട്ടത്തില്‍ തന്നെ ഒഴിവാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മനോജ് എബ്രഹാം പറഞ്ഞു.
യോഗത്തില്‍ ഓരോ വകുപ്പുകളിലും നടക്കുന്ന അഴിമതിയില്‍ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എങ്ങനെ ഇടപെടണമെന്ന് വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ക്കായി ശില്‍പ്പശാലയും സംഘടിപ്പിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥരോടൊപ്പം വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഐ പി എസ്, വിജിലന്‍സ് ഇന്‍റലിജന്‍സ് പൊലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോന്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് പൊലീസ് സൂപ്രണ്ടുമാരായ റെജി ജേക്കബ് ഐപിഎസ്, വി.അജയകുമാര്‍, വിജിലന്‍സ് ആസ്ഥാനം ഡെപ്യൂട്ടി സൂപ്രണ്ട് വിനോദ്.സി എന്നിവരും പങ്കെടുത്തു.
3 പേര്‍ക്കെതിരെ നടപടിയുണ്ടായ ചട്ട വിരുദ്ധ ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് :തിരുവനന്തപുരം നഗരസഭയില്‍ ആഭ്യന്തര വിജിലന്‍സിന്‍റെ പരിശോധനയില്‍ നഗരസഭയുടെ സോണല്‍ ഓഫിസുകളില്‍ കെട്ടിടങ്ങള്‍ക്ക് ചട്ട വിരുദ്ധമായി ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. എന്നാല്‍ വന്‍ നിയമ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടച്ചിട്ട് സാങ്കേതികമായ പിഴവുകള്‍ കാരണം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതായി ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പ്രതിഷേധവും അറിയിച്ചിരുന്നു.