തിരുവനന്തപുരം:ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് സംഘം പരിശോധന നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഘം പരിശോധന തുടങ്ങിയത്.
ഓപ്പറേഷന്‍ സുഭിക്ഷ; റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ് - ഓപ്പറേഷന്‍ സുഭിക്ഷ
തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്.
കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നില്ല, റേഷന്‍ കടയുടമകള്‍ ഭക്ഷ്യ വസ്‌തുക്കള്‍ മറിച്ച് വില്‍ക്കുകയാണ് തുടങ്ങി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ കണ്ടെത്തി. ബില്ലിൽ രേഖപ്പെടുത്തിയ ശേഷം ഭക്ഷ്യ വസ്‌തുക്കള്‍ മറിച്ച് വില്‍ക്കുക, അളവ് തൂക്കത്തിലെ തട്ടിപ്പ്, റേഷന്‍ കടകളിലെ സ്‌റ്റോക്കുകളില്‍ വ്യത്യാസം എന്നിവയാണ് സംഘം കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ അരി കൂടിയ വിലയ്‌ക്ക് വില്‍പന നടത്തിയതായും സംഘം കണ്ടെത്തി. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് വിജിലന്‍സ്.