തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യൂ ഡിവിഷൻ ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ഭൂമി തരം മാറ്റുന്നതിലെ അഴിമതികൾ കണ്ടെത്താനാണ് ഓപ്പറേഷൻ പ്രിസർവേഷൻ എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്. ഇന്ന് സംസ്ഥാനത്തെ 23 റവന്യൂ ഡിവിഷൻ ഓഫിസുകളിൽ പരിശോധന നടത്തി.
ഓപ്പറേഷൻ പ്രിസർവേഷൻ; റവന്യൂ ഓഫിസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന - റവന്യൂ ഓഫിസുകൾ
റവന്യൂ ഓഫിസുകൾ കേന്ദ്രീകരിച്ച് ഭൂമി തരം മാറ്റി നൽകുന്നതിന് റിയൽ എസ്‌റ്റേറ്റ് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസിന്‍റെ മിന്നൽ പരിശോധന.
നിലം നികത്തി കെട്ടിടങ്ങൾ നിർമിച്ച 51 സ്ഥലങ്ങൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നീർത്തട തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ച് വ്യാപകമായി നിലംനികത്തി വ്യാപാരസമുച്ചയങ്ങൾ നിർമിച്ചതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. നിലം തരം മാറ്റി പുരയിടമാക്കിയ നിരവധി സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്.
റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരുമായി ചേർന്ന് അഴിമതിയിലൂടെയാണ് ഇത്തരം തരം മാറ്റൽ നടന്നതെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം നിർദേശം നൽകിയത്.