കേരളം

kerala

ETV Bharat / state

Mathew Kuzhalnadan| സിപിഎം ആരോപണത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് നീക്കം, ഇനിയങ്ങോട്ട് യുദ്ധത്തിന്‍റെ നാളുകള്‍ എന്ന് മാത്യു കുഴല്‍നാടന്‍

സി എന്‍ മോഹനന്‍റെ ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയതായാണ് വിവരം. അതേസമയം ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു

Mathew Kuzhalnadan  Vigilance probe against Mathew Kuzhalnadan MLA  Vigilance probe against Mathew Kuzhalnadan  CPM allegation on Mathew Kuzhalnadan MLA  സിപിഎം  വിജിലന്‍സ്  മാത്യു കുഴല്‍നാടന്‍  മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ വിജിലൻസ്
മാത്യു കുഴല്‍നാടന്‍

By

Published : Aug 16, 2023, 1:41 PM IST

മാത്യു കുഴല്‍നാടന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ വിജിലൻസ് കേസെടുക്കാൻ സാധ്യത. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള നീക്കം.

ആരോപണം സംബന്ധിച്ച വിശദാംശങ്ങൾ വിജിലൻസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷം ആകും കേസെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. അതേസമയം സർക്കാരിന്‍റെ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തുന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെയോ ഉദ്യോഗസ്ഥരെയോ വിമർശിച്ചാൽ സർക്കാരിന്‍റെ കയ്യിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അവരെ വേട്ടയാടാൻ ശ്രമിക്കുന്നു. സർക്കാരിന്‍റെ തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന മുഴുവൻ ആളുകളെയും വേട്ടയാടും. താന്‍ അതിൽ ഭയപ്പെടുന്നില്ലെന്നും അതിൽ ചഞ്ചലപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

'സർക്കാരിന്‍റെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ നിങ്ങളുടെ കയ്യിലും കേന്ദ്രത്തിന്‍റെ അന്വേഷണ ഏജൻസികൾ നിങ്ങളുടെ സുഹൃത്തായ നരേന്ദ്ര മോദിയുടെ കയ്യിലുമാണ്. എല്ലാ അധികാരങ്ങളും ഉപയോഗിച്ച് കഴിയുന്നത്ര നിങ്ങൾ എന്നെ വേട്ടയാടിയാലും മുന്നോട്ടുവച്ച കാൽ ഞാൻ പിന്നോട്ട് വയ്ക്കുന്ന പ്രശ്‌നമില്ല. ഇനിയങ്ങോട്ട് യുദ്ധത്തിന്‍റെ നാളുകളാണ്' -അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നടത്തുന്ന കൊള്ളക്കെതിരെ ശക്തമായി നീങ്ങുമെന്ന് ഹർഷിനയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 മാർച്ച് 18 ന് ഇടുക്കി രാജകുമാരി സബ് രജിസ്‌ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്യപ്പെട്ട വസ്‌തുവിനും റിസോർട്ടിനും മാത്യു കുഴല്‍നാടനും രണ്ട് ബിസിനസ് പങ്കാളികളും വിലയായി കാണിച്ചിരിക്കുന്നത് 1.92 കോടി രൂപയാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടിയുടെ ഭൂമി സ്വന്തമായി ഉണ്ടെന്നാണ് മാത്യു കുഴല്‍നാടൻ നൽകിയിരിക്കുന്നത്.

ഇത് നികുതി തട്ടിപ്പാണെന്നും ഭൂമിയുടെ യഥാർഥ വില ഏഴു കോടിയാണെന്നും നികുതി തട്ടിപ്പിനായി വില കുറച്ചു കാണിച്ചതാണെന്നും മോഹനൻ ആരോപിച്ചിരുന്നു. അഭിഭാഷകനായി ജോലി തുടങ്ങി 12 വർഷം കൊണ്ടുണ്ടായ വലിയ വരുമാന വർധന സംശയകരമാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സിപിഎം ഉയര്‍ത്തുന്ന ആവശ്യം. ഇതേതുടർന്നാണ് കേസെടുക്കാനുള്ള പരിശോധന വിജിലൻസ് ആരംഭിച്ചത്.

മാസപ്പടി വിവാദത്തിലടക്കം സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആരോപണം മാത്യു കുഴൽനാടൻ നിയമസഭയിലും പുറത്തും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദവും പ്രതിപക്ഷ നേതാവടക്കം സഭയിൽ ഉന്നയിക്കാതിരുന്നിട്ടും മാത്യു കുഴൽനാടൻ സഭയിൽ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം മാത്യു കുഴൽനാടനെതിരെ ശക്തമായ നീക്കം തുടങ്ങിയത്.

ഹര്‍ഷിനയ്‌ക്ക് പിന്തുണ:ഹർഷിനക്ക് ലഭിക്കാതെ പോയ നീതി ലഭിക്കുന്നതുവരെ അവരോടൊപ്പം നിലകൊള്ളുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കഴിഞ്ഞ 10 വർഷത്തോളമായി ഇത്രയും വലിയ അനീതിയും ഇത്രയും വലിയ വേദനയും കേരളത്തിലെ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടിവന്നു. നീതിക്കുവേണ്ടി സർക്കാരിനെ സമീപിച്ചപ്പോൾ ഇക്കാര്യത്തിൽ സർക്കാർ സമീപനം എന്താണെന്ന് നാം കണ്ടതാണ്. നീതി ഉറപ്പാക്കേണ്ട സർക്കാർ നീതി നിഷേധിച്ചവർക്കൊപ്പം നിൽക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.

'വ്യക്തമായിട്ടുള്ള ചികിത്സ പിഴവ് ഉണ്ടായി എന്നുള്ളത് ഒരു സംശയവും ഇല്ലാതെ പറയാൻ കഴിയുന്ന കാര്യമാണ്. അതി ഗുരുതരമായ ചികിത്സ പിഴവാണുണ്ടായത്. കുറ്റക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നത് കൊണ്ടാണ് ഇതുവരെ കുറ്റക്കാരെ കണ്ടെത്താനാകാത്തത്. ഇരട്ട നീതിയാണ് ഇവിടെ ഉള്ളത്. സെക്രട്ടേറിയറ്റ് മുമ്പിൽ തന്നെ ദിവസേന അനേകായിരങ്ങൾ സമരവുമായി എത്തുന്നു. അവർക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെടുന്നതാണ് അതിന് കാരണം' -മാത്യു കുഴൽനാടൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുൻപിൽ ഹർഷീന ആരംഭിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്‌ത മാത്യു കുഴൽനാടൻ എംഎൽഎ ഹർഷിനക്ക് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.

ABOUT THE AUTHOR

...view details