തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്‍റെയും കൂട്ട് പ്രതികളുടെയും വീടുകളിൽ വിജിലൻസ് റെയ്‌ഡ്. ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. രാവിലെ എട്ട് മണിയോടെയാണ് ശാസ്തമംഗലം ശ്രീരംഗം ലൈനിലുള്ള വി.എസ് ശിവകുമാറിന്‍റെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന ആരംഭിച്ചത്. മണിക്കൂറുകൾ പിന്നിട്ട പരിശോധന തുടരുകയാണ്.
കേസിൽ ശിവകുമാറിനോടൊപ്പം പ്രതി ചേർത്ത ഡ്രൈവറായ ഷൈജു ഹരൻ, എൻ.എസ് ഹരികുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം പരിശോധന നടത്തുകയാണ്. ആരോഗ്യ - ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരിൽ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. റെയ്‌ഡിൽ പിടിച്ചെടുത്ത രേഖകൾ വിശദമായ പരിശോധനക്ക് വിധേയമാക്കും.
വി.എസ് ശിവകുമാറിന്‍റെ വീട്ടിൽ വിജിലൻസ് പരിശോധന ശിവകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ചു സെന്‍റ് വീടും, ശാന്തിവിള എം.രാജേന്ദ്രൻ ബേക്കറി ജങ്ഷനിൽ ഓഫീസ് പണിയാനായി വാങ്ങിയ ഭൂമിയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ശിവകുമാറിനും പ്രതികൾക്കും അക്കൗണ്ടുകൾ ഉള്ള ബാങ്കുകളിൽ നിന്നും ഭൂമി ഇടപാടുകൾ നടന്ന രജിസ്ട്രാർ ഓഫിസുകളിൽ നിന്നുമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം വിജിലൻസ് സംഘം ശേഖരിച്ചിരുന്നു. തെളിവ് ശേഖരണം പൂർത്തിയായ ശേഷമായിരിക്കും ശിവകുമാറിനെ ചോദ്യം ചെയ്യാൻ വിജിലൻസ് നോട്ടീസ് നൽകുക. വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി.വി.എസ്.അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
മുൻ പേഴ്‌സണൽ സ്റ്റാഫിന്‍റെ വീട്ടിലും പൊലീസ് റെയ്‌ഡ് കഴിഞ്ഞ ദിവസം ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. വി എസ് ശിവകുമാറിന്‍റെ മുൻ ഓഫീസ് സ്റ്റാഫ് ഹരികുമാറിന്‍റെ ഗൗരീശപട്ടത്തെ വീട്ടിലും വിജിലൻസ് റെയ്‌ഡ് നടക്കുകയാണ്.