തിരുവനന്തപുരം : 2023 ല്‍ അഴിമതിയില്‍ പിടിയിലായത് 60 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍(Vigilance Registered Record Number Of Corruption Cases ). സംസ്ഥാന വിജിലന്‍സിന്‍റെ സര്‍വകാല റെക്കോര്‍ഡാണിത്. 55 ട്രാപ്പ് ഓപ്പറേഷനുകളാണ് കഴിഞ്ഞ വര്‍ഷം വിജിലന്‍സ് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയത്. പിടിയിലായവരില്‍ ഏറ്റവും കൂടുതല്‍ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ്.
15 തദ്ദേശ വകുപ്പ് ജീവനക്കാരാണ് 2023 ല്‍ അഴിമതി കേസില്‍ അറസ്റ്റിലായത്. പിന്നാലെ ആരോഗ്യ വകുപ്പില്‍ നിന്നും 14 ഉദ്യോഗസ്ഥരും 4 പോലീസ് ഉദ്യോഗസ്ഥരും അഴിമതി കേസില്‍ അറസ്റ്റിലായി.
കൃഷി, രജിസ്‌ട്രേഷന്‍, സര്‍വ്വേ, മോട്ടോര്‍ വാഹന വകുപ്പ് , ടൂറിസം, വനം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റ്, എക്‌സൈസ്, വൈദ്യുതി, പട്ടിക ജാതി വികസനം, കെ എസ് ആര്‍ ടി സി, വിദ്യാഭ്യാസം, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പിടിയിലായി.
1910 മിന്നല്‍ പരിശോധനകളും നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുമ്പോള്‍ തന്നെ പിടികൂടുന്ന രീതിയാണ് ട്രാപ്പ് ഓപ്പറേഷനുകള്‍. 1964 ല്‍ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ രുപീകരിച്ചതിന് ശേഷം ഒരു വര്‍ഷത്തില്‍ ഇത്രയധികം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ പിടിയിലാകുന്നത് ഇതാദ്യമാണ്.
അഴിമതിക്കായി ഉദ്യോഗസ്ഥരുടെ ഏജന്‍റുമാരായി പ്രവര്‍ത്തിച്ച 4 പേരെയും കഴിഞ്ഞ വര്‍ഷം വിജിലന്‍സ് പിടികൂടി. 2022 ല്‍ 47 ഉദ്യോഗസ്ഥരായിരുന്നു ട്രാപ് കേസുകളില്‍ അറസ്റ്റിലായത്. 2023ല്‍ ദിവസേന ശരാശരി 5.23 മിന്നല്‍ പരിശോധനകളാണ് വിജിലന്‍സ് നടത്തിയത്.