തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മൂലം ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലായ കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്‌ഡഡ് എൽ പി സ്‌കൂളിലെ ഉച്ച ഭക്ഷണ ചെലവ് അധ്യാപകർ ഏറ്റെടുക്കും (Teachers Will Take Over Mid Day Meal Plan Expenses). കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കേണ്ട ഫണ്ട് കൃത്യമായി ലഭിക്കാത്തതിനാൽ മൂന്നുമാസമായി സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാണ്. പല പ്രഥമാധ്യാപകരും ലോണെടുത്തും സ്വർണം പണയം വച്ചുമാണ് പദ്ധതി തങ്ങളുടെ സ്‌കൂളിൽ നടപ്പിലാക്കുന്നത്.
ഇതിനിടെ കരകുളം എട്ടാംകല്ല് വിദ്യാധിരാജ എൽ പി സ്‌കൂളിലെ (Vidyadhiraja LP School) പ്രഥമ അധ്യാപകൻ ജെ പി അനീഷ് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല ഓഫിസർക്ക് തന്‍റെ പ്രയാസം പറഞ്ഞ് കത്തെഴുതിയിരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനായി കടംവാങ്ങിയതിനാൽ പണം തിരികെ നൽകാൻ കഴിയാതെ കടക്കാരെ പേടിച്ച് നാണംകെട്ട് ജീവിക്കുന്ന അവസ്ഥയാണെന്നാണ് അനീഷ് അധികാരികളെ അറിയിച്ചത്. വിഷയം വാർത്തയായതിന് പിന്നാലെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി (Educational Minister) അറിയിച്ചിരുന്നു.
എന്നാൽ, കുട്ടികൾ പട്ടിണി കിടക്കാതിരിക്കാനാണ് സർക്കാർ ഫണ്ടിന് കാത്ത് നിൽക്കാതെ അധ്യാപകർ തന്നെ ഉച്ചഭക്ഷണം നൽകാൻ മുന്നിട്ടിറങ്ങുന്നതെന്ന് സ്‌കൂൾ അധികൃതർ ഇടിവി ഭാരതിനോട് പറഞ്ഞു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായി രണ്ടര ലക്ഷം രൂപയോളം ചെലവാണ് സ്‌കൂളിന് ഉണ്ടായത്. രണ്ട് ലക്ഷം രൂപ അനീഷ് വായ്‌പ എടുത്തതാണ്. ഓഗസ്റ്റ് മാസത്തെ ചെലവ് ഇനിയും ബാക്കിയാണ്. കടം വാങ്ങിയതിന്‍റെ പേരിൽ ഇപ്പോൾ പ്രയാസത്തിലുമാണ്.