കേരളം

kerala

ETV Bharat / state

Verdict On Nisha Murder: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Court Verdicts Rigorous Imprisonment For Life For Accused On Nisha Murder: പിഴ തുക ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്

Verdict On Nisha Murder  Thiruvannathapuram Nisha Murder  Husband Kills Wife by Hitting On Head  Famous Murder Case Verdicts  Murder Case Verdict  ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്  നിഷ വധത്തില്‍ ശിക്ഷാവിധി  നിഷ വധക്കേസ് നാള്‍വഴികള്‍  കേരളത്തെ നടുക്കിയ കൊലപാതകങ്ങള്‍  ഭാര്യയെ കൊലപ്പെടുത്തിയ സംഭവങ്ങള്‍
Verdict On Nisha Murder

By ETV Bharat Kerala Team

Published : Sep 30, 2023, 10:44 PM IST

തിരുവനന്തപുരം: മുദാക്കൽ ചെമ്പൂര് ദേശത്ത് കളിക്കൽകുന്നിൻ വീട്ടിൽ രാധയുടെ മകൾ നിഷയെ (35) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അഴൂർ മുട്ടപ്പാലം ദേശത്ത് പുതുവൽവിള വീട്ടിൽ സുകുമാരൻ മകൻ സന്തോഷിന് (37) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ തുക ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.

പിഴ തുക കൊല്ലപ്പെട്ട നിഷയുടെ മകൾ സനീഷക്ക് നൽകണമെന്നും പുറമെ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് നഷ്‌ടപരിഹാരം നൽകണമെന്നും തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് ജഡ്‌ജി കെ വിഷ്‌ണുവാണ് ഉത്തരവിട്ടത്. മദ്യപിച്ചുവന്ന് ഭാര്യ നിഷയെ ശാരീരിക ഉപദ്രവം ചെയ്‌തതിന് ആറ്റിങ്ങൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതാണ് കൊലപാതകത്തിന് കാരണം.

സംഭവം ഇങ്ങനെ:2011 ഒക്ടോബർ 27 നായിരുന്നു കേസിനാസ്‌പദമായ സംഭവം. സന്തോഷ് സ്ഥിരം മദ്യപാനിയായിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു. മർദനം സഹിക്ക വയ്യാതായപ്പോൾ സംഭവത്തിന് തലേദിവസം നിഷ ആറ്റിങ്ങൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് സന്തോഷിനെ തെരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്നേദിവസം വീട്ടിൽ നിന്നും മാറിനിന്ന ശേഷം പിറ്റേദിവസം രാവിലെ ഏഴുമണിയോടെ വീട്ടിലെത്തി നിഷയുമായി വഴക്കിടുകയായിരുന്നു. എന്നാല്‍ ഈ സമയം നിഷയുടെ മാതാവ് രാധയും സഹോദരി രമ്യയും വീട്ടിലുള്ളതുകാരണം സന്തോഷ് മടങ്ങി തൊട്ടടുത്ത വേങ്ങോട് ജങ്‌ഷനിലേക്ക് പോവുകയായിരുന്നു.

നിഷയുടെ സഹോദരി ജോലിക്കുപോവുകയും നിഷയുടെ അമ്മ രാധ വീട്ടുസാധനങ്ങൾ വാങ്ങാൻ വേങ്ങോട് ജങ്‌ഷനിലേക്ക് വരുന്നതും കണ്ട സന്തോഷ്, വീട്ടിൽ ആരുമില്ലെന്നുറപ്പാക്കിയ ശേഷം രാവിലെ പത്തുമണിയോടെ നിഷയുടെ വീട്ടിലെത്തി വീടിൻ്റെ മുൻവശം തുണി അലക്കി കൊണ്ട് നിന്നിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ട നിഷയുടെ മകൾ സനീഷ, അയൽവാസി സുനിത എന്നിവരായിരുന്നു കേസിലെ പ്രധാന ദൃക്‌സാക്ഷികൾ. മാത്രമല്ല അച്ഛൻ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് കണ്ടുവെന്ന് മകൾ സനീഷയും തറയിൽ വീണ നിഷയെ വീണ്ടും സന്തോഷ് മർദിക്കുന്നത് കണ്ടുവെന്ന് അയൽവാസി സുനിതയും കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു.

മകളുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോൾ സംഭവസ്ഥലത്തുനിന്നും ഓടി വേങ്ങോട് ജങ്‌ഷനിലെത്തിയ സന്തോഷിനെ വിവരമറിഞ്ഞ നാട്ടുകാർ പിടികൂടി ആറ്റിങ്ങൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഷയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പിറ്റേദിവസം മരണപ്പെടുകയായിരുന്നു.

വിചാരണ ഇങ്ങനെ: വിചാരണയുടെ ആദ്യഘട്ടത്തിൽ കോടതിയിൽ ഹാജരായിരുന്ന പ്രതി വിചാരണയ്ക്കിടയിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് വിചാരണ നിർത്തിവച്ചു. എന്നാല്‍ പൊലീസ് പ്രതിയെ പിടികൂടി ഹാജരാക്കിയതിനെ തുടർന്ന് ജുഡീഷ്യൽ കസ്‌റ്റഡിയിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, ദേവിക മധു, അഖില ലാൽ എന്നിവർ ഹാജരായി.

കേസിന്‍റെ ഭാഗമായി 14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 18 രേഖകളും, ഏഴ് തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആറ്റിങ്ങൽ പൊലീസ് മുൻ സർക്കിൾ ഇൻസ്‌പെക്‌ടറും നിലവില്‍ ഡിസിആർബി ഡിവൈഎസ്‌പിയുമായ ബി.അനിൽകുമാറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details