തിരുവനന്തപുരം :നെതര്‍ലാന്‍ഡ്‌സ് മുന്‍ അംബാസഡറും മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായ വേണു രാജാമണിയെ ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം.
ഡല്‍ഹിയിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ തലത്തില്‍ വേണു രാജാമണിയ്‌ക്കുള്ള പരിചയം സംസ്ഥാനത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയാണ് നിയമനത്തിന് പിന്നിലെ ലക്ഷ്യം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന കാലത്താണ് ഇത്തരം ഒരു പദവി സൃഷ്ടിക്കപ്പെട്ടത്.
ആറ്റിങ്ങല്‍ ലോക്‌സഭാംഗമായിരുന്ന ഡോ. എ. സമ്പത്തായിരുന്നു ആദ്യം ഈ പദവിയിലെത്തിയത്. ലോക്‌സഭയില്‍ പരാജയപ്പെട്ട സമ്പത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് ഈ പദവിയെന്ന് ആരോപണമുയര്‍ന്നിരുന്നു.