ആളില്ലാത്ത വീട്ടില്‍ മോഷണം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് - വെങ്ങാനൂർ
വെങ്ങാനൂർ ഋഷികേശിൽ ശശിധരൻ നായരുടെ വീട്ടിൽ നിന്നും മോഷണം നടത്തിയതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിലെ ആളില്ലാത്ത വീട്ടിൽ നിന്നും 20 പവനും ഒന്നര ലക്ഷം രൂപയും മോഷ്‌ടിച്ച കേസിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി വിഴിഞ്ഞം പൊലീസ്. വെങ്ങാനൂർ ഋഷികേശിൽ ശശിധരൻ നായരുടെ വീട്ടിൽ നിന്നും മോഷണം നടത്തിയതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചതായി പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും ഇന്നലെ വീട്ടിലെത്തി തെളിവെടുത്തു. പൊലീസ് നായ മണം പിടിച്ച് സമീപത്തെ ക്ഷേത്രം വരെ പോയി. മോഷണം നടന്ന വീടിന് പരിസരത്തെ ചില വീടുകളിൽ ഏതാനും ദിവസം മുമ്പ് മോഷണശ്രമം നടന്നിട്ടുണ്ട്. വലിയതുറ മുതൽ വിഴിഞ്ഞം വരെയുള്ള സ്ഥലത്തെ മോഷണങ്ങൾക്ക് പിന്നിലും ഈ സംഘങ്ങളാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.