തിരുവനന്തപുരം: ഇതു വെള്ളായണി, ദേശാടന പക്ഷികൾ വസന്ത കാലത്ത് കൂട് കൂട്ടാനെത്തുന്ന സുന്ദര ഗ്രാമം. കേരളത്തിന്‍റെ തലസ്ഥാന നഗരിയിൽ നിന്ന് ഒരു മണിക്കൂർ സഞ്ചരിച്ചാല്‍ പ്രകൃതി സുന്ദരിയാക്കിയ വെള്ളായണിയിലെത്താം. കാർഷിക വൃത്തി ശീലമാക്കിയ വലിയൊരു ജനവിഭാഗം ഇന്നും ഇവിടെയുണ്ട്. വിളവെടുക്കുന്നത് ഓണ വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് വെള്ളായണിയിലെ കർഷകർ.
പാവൽ, പടവലം, പയർ, വെണ്ട, ഏത്തൻ, ചുരയ്ക്ക, സാലഡ് വെള്ളരി, വെള്ളരിക്ക, മത്തൻ, മരിച്ചീനി, ചീര എന്നിവയാണ് വെള്ളായണി കല്ലിയൂർ മേഖലയിലെ പ്രധാന കൃഷി. 100 ഹെക്ടർ ഭൂമിയിലാണ് പച്ചക്കറി കൃഷി. ചിങ്ങ മാസമെത്തിയതോടെ 150 മെട്രിക് ടൺ കാർഷിക ഉത്പന്നങ്ങളുടെ അധിക ഉത്പാദനമാണ് ഇവിടെ നടന്നത്.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളും കൃഷിക്കൂട്ടങ്ങളും ചേർന്ന് കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്നും ശേഖരിച്ച് വിപണിയിലെത്തിക്കും. കാലാവസ്ഥ വ്യതിയാനവും അന്യസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറി വരവും വിപണിയെ കീഴടക്കുമോയെന്ന ആശങ്കയും ഇവർ പങ്കുവെയ്ക്കുന്നുണ്ട്
ഇതൊക്കെയാണെങ്കിലും ഓണം ആഘോഷിക്കാനുള്ള വക ഈ പാടങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് വെള്ളായണിയിലെ കർഷകർ.