തിരുവനന്തപുരം: ഏഴ് മാസത്തെ ഇടവേളക്ക് ശേഷം പുത്തൻ വിസ്മയങ്ങളുമായി സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി കായലോര വിനോദ സഞ്ചാര കേന്ദ്രമായ വേളി ടൂറിസ്റ്റ് വില്ലേജ്. ഇന്ത്യയിലെ ആദ്യ മിനിയേച്ചർ ട്രെയിൻ മുതൽ നിരവധി പുതിയ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കൊവിഡിനെ തുടർന്ന് അടച്ചിട്ട ബീച്ചുകളും, കായലോര ടൂറിസ്റ്റ് കേന്ദ്രങ്ങളും നവംബർ ഒന്ന് മുതൽ സഞ്ചാരികൾക്കായി തുറന്നു നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് വേളിയും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നത്.
സഞ്ചാരികളെ വരവേല്‍ക്കാന്‍ വേളി ടൂറിസ്റ്റ് വില്ലേജ്; നവംബര്‍ ഒന്ന് മുതല്‍ തുറക്കും - കേരള ടൂറിസം രംഗം
കേരളത്തിലെ കടലോര കായലോര ടൂറിസം കേന്ദ്രങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുന്നു.
അടിമുടി മാറ്റമാണ് വേളി ടൂറിസ്റ്റ് വില്ലേജിൽ. കല്ല് പാകി ഭംഗിയാക്കിയ നടപ്പാതകൾ, വിശ്രമിക്കാൻ പുതിയ ഇരിപ്പിടങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. മിനിയേച്ചർ ട്രെയിനാണ് ഏറ്റവും വലിയ ആകർഷണം. ഒന്നര കിലോമീറ്റർ ദൂരം പാർക്കിലൂടെ ട്രെയിനിൽ യാത്ര ചെയ്യാം. റെയിൽവേ സ്റ്റേഷനും പാലവും തുരങ്കവും ഒക്കെ ചേർന്നതാണ് ഈ യാത്ര. 48 പേർക്ക് ഒരു സമയം ട്രെയിനിൽ യാത്ര ചെയ്യാനാകും.
ഫ്ലോട്ടിംഗ് റെസ്റ്റോറന്‍റിനൊപ്പം ഫുഡ് കോർട്ടുകളും ഒരുങ്ങുന്നുണ്ട്. നിലവിലുള്ള എട്ട് ബോട്ടുകൾക്ക് പുറമെ ഒരു സോളാർ ബോട്ടും ഉടൻ എത്തും. ടൂറിസ്റ്റ് വില്ലേജിന്‍റെ നവീകരണ ജോലികൾ അവസാന ഘട്ടത്തിലാണ്. നവംബർ രണ്ടിന് മുഖ്യമന്ത്രി നവീകരിച്ച ടൂറിസ്റ്റ് വില്ലേജിന്‍റെ ഉദ്ഘാടനം നിർവഹിക്കും. കണ്ടെയ്ൻമെന്‍റ് സോണിൽ ആയതിനാൽ സന്ദർശകർക്ക് വില്ലേജിലേക്ക് ഉടൻ പ്രവേശനം ഉണ്ടാകില്ല.