തിരുവനന്തപുരം:വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തം പഠിക്കാന്‍ ഗതാഗത വകുപ്പ്. ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. രണ്ട് വര്‍ഷത്തിനിടെ ഉണ്ടായ തീപിടിത്തങ്ങള്‍ സംബന്ധിച്ച് ഈ സമിതി വിശദമായി പഠിക്കും. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.
വാഹനങ്ങള്‍ തീപിടിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചത്. ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലാകും വിദഗ്‌ധ സമിതി പ്രവര്‍ത്തിക്കുന്നത്. ഓട്ടോമൊബൈല്‍ മേഖലയിലെ വിദഗ്‌ധരും സമിതിയിലുണ്ടാകും. വാഹനങ്ങളില്‍ വരുത്തുന്ന രൂപമാറ്റങ്ങള്‍ ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി യോഗം വിലിരുത്തിയിട്ടുണ്ട്.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് രൂപമാറ്റങ്ങള്‍ വരുത്തുന്നത്. ഇത്തരം നിയലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധന കര്‍ശനമാക്കും. അപകടകരമായേക്കാവുന്ന രൂപമാറ്റങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്. പുതിയ കാറുകള്‍ അടക്കം സമീപ സമയത്ത് കേരളത്തില്‍ ഓടുന്നതിനിടയില്‍ തീപിടിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം തീപിടിത്തങ്ങള്‍ കുറവായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനാലാണ് രൂപമാറ്റം വരുത്തലും അധികമായി അക്‌സസറീസ് ഘടിപ്പിക്കുന്നതും അപകടത്തിന് സാധ്യത വരുത്തുന്നതായി വിലയിരുത്തലുണ്ടായത്. വൈദ്യുത വാഹനങ്ങള്‍ കൂടുതലായി എത്തുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കടക്കം വാഹനത്തിന്‍റെ സാങ്കേതിക വിദ്യ സംബന്ധിച്ച് പരിശീലനം നല്‍കും. ഇതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈ ഐഐടിയുടെ സഹായത്തോടെയാകും ഈ പരിശീലനം നടപ്പിലാക്കുക.
നിയമലംഘകര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ച:റോഡ് നിയമലംഘനങ്ങള്‍ പതിവാക്കിയവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ നീക്കവുമായി ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്താന്‍ ഗതാഗത കമ്മീഷണറെ ഉന്നതതല യോഗം ചുമതലപ്പെടുത്തി. ഐആര്‍ഡിഎ, ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുമായാകും ഗതാഗത കമ്മീഷണർ ചര്‍ച്ച നടത്തുക.