തിരുവനന്തപുരം:പച്ചക്കറികൾ മോഷ്ടിച്ച് സ്വന്തം കടയിൽ കൊണ്ടു പോയി വിൽപ്പന നടത്തിയ ആളെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്‌തു. പള്ളിപ്പുറം സ്വദേശി ഷിബു(43)വിനെയാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്. വാവറ അമ്പലം ജംങ്ഷനിൽ പ്രവർത്തിക്കുന്ന ബൈജു കുമാറിന്‍റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്.
പച്ചക്കറികൾ മോഷ്ടിച്ച് സ്വന്തം കടയിൽ കൊണ്ടു പോയി വിറ്റു; വ്യത്യസ്‌തനായ മോഷ്‌ടാവ് പിടിയിൽ - തിരുവനന്തപുരത്ത് പച്ചക്കറി കള്ളൻ പിടിയിൽ
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മോഷ്‌ടാവിനെ കണ്ടെത്തിയത്
പച്ചക്കറി കടയിൽ അതിക്രമിച്ചു കയറി പച്ചക്കറികൾ നശിപ്പിച്ചും മോഷണം നടത്തിയതായുമുള്ള പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ പത്താം തീയതി പുലർച്ചെ മൂന്നര മണിയോടെയാണ് സംഭവം നടന്നത്. ഇതിനു മുമ്പ് നാലാം തീയതിയും മൂന്ന് ചാക്ക് വെളുത്തുള്ളിയും ഒരു ചാക്ക് സവാളയും മോഷണം പോയിരുന്നു. മോഷ്‌ടിക്കുന്ന പച്ചക്കറികൾ പള്ളിപ്പുറത്തുള്ള ഷിബുവിന്‍റെ സ്വന്തം പച്ചക്കറിക്കടയിൽ കൊണ്ടു പോയി വിൽപ്പന നടത്തിയതായും പൊലീസ് കണ്ടെത്തി.
ഞായറാഴ്‌ച നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഷിബുവാണ് ഈ വ്യത്യസ്‌തനായ മോഷ്‌ടാവെന്ന് പൊലീസ് മനസിലാക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.