തിരുവനന്തപുരം:കോഴിക്കോട്;മലപ്പുറം എവിടെയും ചര്‍ച്ച ഉള്ളി വില വര്‍ധവിനെക്കുറിച്ചാണ്. കനത്ത മഴ മൂലം മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഉള്ളി കൃഷി നടത്തുന്ന സംസ്ഥാനങ്ങളിലെല്ലാം കൃഷി നശിച്ചത് വിലക്കയറ്റത്തെ കാര്യമായിത്തന്നെ ബാധിച്ചു. ഇതോടൊപ്പം കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് പച്ചക്കറി വിലയിലും വര്‍ധിക്കുകയാണ്. സവാളക്ക് 130 മുതല്‍ 150 വരെയാണ് കേരളത്തിലെ വില. ചുവന്നുള്ളിക്കാണെങ്കില്‍ 160 രൂപയും.
വില കുതിച്ചുയരുന്ന സാഹചര്യത്തിൽ മലയാളിയുടെ തീൻമേശകളിലെ ഇഷ്ട വിഭവങ്ങളായ അവിയലും സാമ്പാറുമൊക്കെ തൽക്കാലത്തേക്കെങ്കിലും ഒഴിവാക്കേണ്ടി വരും. ശബരി മല സീസണിൽ പച്ചക്കറികൾക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ള സമയത്താണ് കീശ കാലിയാക്കി വില വർധിക്കുന്നത്.
ആഗസ്റ്റിൽ 50-70 രൂപ നിലവാരത്തിലായിരുന്ന മുരിങ്ങക്കായ്ക്ക് കഴിഞ്ഞയാഴ്ച്ച വില കിലോക്ക് 350 രൂപ. ഈ ആഴ്ചയില്‍ 450 രൂപയിലെത്തി. കറിക്ക് രുചിയൽപ്പം കൂടാൻ മീതേ മല്ലിയില തൂവുന്നവരും ഇനിയൊന്ന് മടിക്കും. മല്ലിയില കിലോക്ക് 150 രൂപ കൊടുക്കണം. കിലോക്ക് 30 രൂപയുണ്ടായിരുന്ന കാരറ്റ് 65 ൽ എത്തി. തക്കാളി 35 ഉം കടന്ന് പോകുന്നു. ബീൻസ് നാൽപ്പതിന് മുകളിൽ എത്തി. കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്ന പയർ, മത്തൻ, ചേന, ചേമ്പ് ഇനങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ വിലയും കൂടി. മൊത്തവിപണിയിൽ തക്കാളിക്ക് 20 രൂപയ്ക്ക് വിൽക്കുമ്പോൾ ചെറുകിട കച്ചവടക്കാർ വിൽക്കുന്നത് 26 രൂപയ്ക്കാണ്. വെണ്ടക്ക 32ൽ നിന്ന് 40 രൂപയായി വർധിക്കും. വെള്ളരി 9 രൂപയ്ക്ക് മൊത്ത വിപണിയിൽ നിന്ന് കിട്ടുമ്പോൾ 20 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാർ വിൽക്കുന്നത്. എളവൻ മൊത്തവിപണിയിൽ 16 രൂപക്ക് കിട്ടുമ്പോൾ ചെറു കച്ചവടക്കാർ 35 രൂപയ്ക്കാണ് വിൽക്കുന്നത്. മത്തൻ 16 , പാവയ്ക്ക 24, ബീൻസ് 30, ഇഞ്ചി 50, ബീറ്റ്റൂട്ട് 45, കാരറ്റ് 44 എന്നിങ്ങനെയാണ് മൊത്ത വിപണിയിലെ പച്ചക്കറികളുടെ വില.