തിരുവനന്തപുരം:ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകൾ എത്രയും വേഗം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ നിർദേശം. അന്തർജില്ല സ്ഥലം മാറ്റത്തിനായോ, മറ്റു ക്വാട്ടകൾക്കായോ അപേക്ഷകർ ഇല്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിച്ച് നികത്താൻ കഴിയുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശ്രിത നിയമനത്തിന് നീക്കിവെച്ചിട്ടുള്ള ഒഴിവുകൾ കൃത്യമായി നികത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഉയർന്ന തസ്തികകളിൽ ഒഴിഞ്ഞു കിടക്കുന്നവ നികത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല നൽകണം.
ഏതെങ്കിലും കാരണത്താൽ ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ നടത്താൻ കഴിയാതെ വന്നാൽ ആ തസ്തിക താൽക്കാലികമായി റിവേർട്ട് ചെയ്ത് എൻട്രി കേഡർ ആയി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം. എൻജെഡി ഒഴിവുകൾ ഉടൻ തന്നെ പിഎസ്‌സിയെ അറിയിക്കാനും കാലതാമസം കൂടാതെ പുതിയ നിയമനം നടത്താനും കഴിയണമെന്നും മന്ത്രി നിർദേശിച്ചു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് ചേർന്ന ഇരു വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ എത്രയും വേഗം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു.
Also read:'കൊടകര കുഴൽപ്പണ കേസ് സർക്കാരും ബിജെപിയും തമ്മിലുള്ള ഒത്തുകളി': വിഡി സതീശൻ