തിരുവനന്തപുരം: തിരുവോണ ദിവസം അവധിയില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Veena George) ആശുപത്രികൾ സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും (Thiruvananthapuram Medical College) എസ്.എ.ടി.യിലും ജനറൽ ആശുപത്രിയിലുമാണ് മന്ത്രി സന്ദർശനം നടത്തിയത്. ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ആരോരുമില്ലാത്തവർ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ഒൻപതാം വാർഡിലും മന്ത്രി സന്ദർശനം നടത്തി. ഇവർക്കും മന്ത്രിയുടെ വക സമ്മാനങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ പ്രവർത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ട മന്ത്രി ഇവർക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്‌തു. അടുത്തിടെ മന്ത്രി ജനറൽ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയപ്പോൾ ഇവരെ നേരിട്ടു കണ്ടിരുന്നു. ഇവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടലും നടത്തിയിരുന്നു.