തിരുവനന്തപുരം:കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാർത്ഥനായോഗത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന എല്ലാ വ്യക്തികൾക്കും മാനസിക പിന്തുണ നൽകുമെന്ന് കേരള സർക്കാർ ചൊവ്വാഴ്‌ച പ്രഖ്യാപിച്ചു. സ്ഫോടനത്തിന്‍റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്‍റെ സഹായം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മാനസികാരോഗ്യ പിന്തുണ ലഭ്യമാക്കാൻ മാനസികാരോഗ്യ പരിപാടികളിലൂടെയും ടെലി കൗൺസിലിംഗിലൂടെയും അടിയന്തരമായി ഒരു ഹെൽപ്പ് ലൈൻ (14416) സ്ഥാപിച്ചിട്ടുണ്ടെന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു.
അതേസമയം സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സ്‌ഫോടനം നടന്ന യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തത് എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. മന്ത്രിയുടെ പ്രസ്‌താവന പ്രകാരം 53 പേരാണ് നിലവിൽ വൈദ്യസഹായം തേടിയിട്ടുളളത്. അതേസമയം 21 പേർ സ്‌ഫോടനത്തെ തുടർന്ന് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്.
ഇവരിൽ കളമശ്ശേരി മെഡിക്കൽ കോളജ് (3), രാജഗിരി ആശുപത്രി (4), എറണാകുളം മെഡിക്കൽ സെന്‍റർ (4) സൺറൈസ് ഹോസ്‌പിറ്റൽ (2), ആസ്‌റ്റർ മെഡിസിറ്റി (2), കോട്ടയം മെഡിക്കൽ കോളജ് (1) തുടങ്ങിയ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) 16 പേരെ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും പ്രസ്‌താവനയിൽ പറയുന്നു. വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് ഹെൽത്ത് ഡയറക്‌ടറും വിവിധ മെഡിക്കൽ കോളജ് ആശുപത്രികളിലെ വിദഗ്‌ധ ഡോക്‌ടർമാരും അടങ്ങുന്ന 14 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.