തിരുവനന്തപുരം: ഹയർസെക്കൻഡറി മേഖലയിൽ 110 ഇംഗ്ലീഷ് ജൂനിയർ അധ്യാപകരെ പിരിച്ചുവിടാനും 16 മലയാളം അധ്യാപക തസ്‌തികകൾ തരംതാഴ്ത്താനുമുള്ള സർക്കാർ ഉത്തരവ് അധ്യാപകരെ മനപ്പൂർവ്വം പ്രയാസപ്പെടുത്താനുള്ള സർക്കാരിന്‍റെ നീക്കം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പറയുന്നത് വിചിത്രമായ കാര്യമാണ്. ഈ നീക്കം സർക്കാർ പിൻവലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
അധ്യാപക സംഘടനയായ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഈ രണ്ട് നീക്കങ്ങളും പിൻവലിക്കണം. അധ്യാപകരുടേത് ന്യായമായ ആവശ്യമാണ്. നിയമസഭയിൽ അധ്യാപകരുടെ ആവശ്യം ഉന്നയിക്കണമെന്ന് കരുതിയതാണ്. പൊതു വിദ്യാഭ്യാസ മന്ത്രിയെയും വകുപ്പിനെയും ബന്ധപ്പെട്ട് ഈ വിഷയം പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.
വരുന്ന അധ്യാന വർഷം കൂടുതൽ കലുഷിതമാകും. സർക്കാർ സർവീസിൽ അധ്യാപകർ തുടരാനുള്ള എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നൽകുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി. സർക്കാർ നീക്കത്തിനെതിരെ സമരം നടത്തുന്ന ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനെ അഭിനന്ദിക്കുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
വിദ്യാർഥികളുടെ കുറവിനെ തുടർന്നാണ് പിഎസ്‌സി വഴി നിയമതിരായ 110 ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കാനാണ് വിദ്യാഭ്യാല വകുപ്പ് ഒരുങ്ങുന്നത്. വിദ്യാർഥികളുടെ എണ്ണവും ബാച്ചും അനുസരിച്ച് ആഴ്ചയിൽ ഏഴ് ഇംഗ്ലീഷ് പീരിയഡിൽ താഴെയുള്ള സ്കൂളുകളിലെ അധ്യാപക തസ്‌തികയിൽ ഉണ്ടായിരുന്നവരാണ് ഇവർ. ഈ മാസം ഒന്നിന് ഇവരെ നിലനിർത്തിയുള്ള ഉത്തരവിന് പിന്നാലെയാണ് പുറത്താക്കി കൊണ്ടുള്ള ഉത്തരവ് വന്നത്.