തിരുവനന്തപുരം: വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.(V D Satheesan on Rahul Mamkootathil's arrest) അതിരാവിലെ വീട് വളഞ്ഞാണ് രാഹുലിനെ അറസ്റ്റ് (Rahul Mamkootathil arrest) ചെയ്‌തത്. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പൊലീസ് പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്നും പ്രതിപക്ഷ നേതാവ് (V D Satheesan) ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ വ്യാപകമായ പ്രതിഷേധമാണ് കോണ്‍ഗ്രസിന്‍റെയും യു ഡി എഫിന്‍റെയും നേതൃത്വത്തിൽ ഉയരുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധം ആരംഭിച്ചിരുന്നു.
അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ 10.30 ഓടെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ അക്രമത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്. നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി വൈ എഫ് ഐ പ്രവർത്തകരും ചേർന്ന് മർദിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നത്. ഇത് അക്രമാസക്തമാവുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
Also read: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്‌റ്റ്: പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കാതെ നടപടിയെന്ന് കമ്മീഷണർ
രാഹുലിന്‍റെ അടൂരിലുള്ള വീട്ടിലെത്തി ഇന്ന് പുലർച്ചെയോടെയാണ് അറസ്റ്റ് ചെയ്‌തത്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളും അന്യായമായി സംഘം ചേരല്‍, ഗതാഗത തടസം സൃഷ്‌ടിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ അക്രമത്തില്‍ ഇതുവരെ 31 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്‌തത്. ചിലരെ റിമാൻഡ് ചെയ്യുകയും മറ്റുള്ളവരെ ജാമ്യത്തിൽ വിടുകയുമായിരുന്നു.