തിരുവനന്തപുരം :ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മന്ത്രി തന്നെ ഒരു അടിസ്ഥാനവുമില്ലാതെ അതിനെ തള്ളി പറയുകയും ഭരണഘടനാശില്‍പികളെ അവഹേളിക്കുകയുമാണ് ചെയ്‌തിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
ഭരണഘടനയിലെ ജനാധിപത്യം, മതേതരത്വം എന്നിവയെ കുന്തവും കുടച്ചക്രവും എന്ന് പറഞ്ഞ് പുച്ഛിക്കുകയാണ്. ഈ വിവരങ്ങളെല്ലാം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയിട്ടാണ് പറഞ്ഞത് എന്നത് അത്ഭുതപ്പെടുത്തുന്നു. മന്ത്രി എത്രയും പെട്ടെന്ന് രാജിവയ്ക്കണം.ഒഴിഞ്ഞില്ലെങ്കില്‍ മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണം. ഇതിനൊന്നും തയാറായില്ലെങ്കില്‍ പ്രതിപക്ഷം നിയമത്തിന്‍റെ വഴി തേടുമെന്നും സതീശന്‍ പറഞ്ഞു.