പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരുവനന്തപുരം:പുനര്‍ജനി പദ്ധതിയില്‍ തനിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തേണ്ടത് വിജിലന്‍സ് അല്ലെന്നും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇഡിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടക്കുമ്പോള്‍ ഇഡി പ്രാഥമിക പരിശോധന സ്വാഭാവികമാണെന്നും അദ്ദേഹം തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പുനര്‍ജനി പദ്ധതിയിലെ പരാതിയില്‍ പറയുന്നത് വിദേശ നാണയ നിയന്ത്രണ നിയമം ലംഘിച്ചുവെന്നാണ്. അത് ഇഡി തന്നെയാണ് അന്വേഷിക്കേണ്ടത്. തനിക്കെതിരെ പരാതി നല്‍കിയവര്‍ നേരത്തെ ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇഡി അക്കൗണ്ടുകള്‍ പരിശോധിച്ചിട്ടുമുണ്ടാകാം. എന്നിട്ടും ഇപ്പോള്‍ വിജിലന്‍സ് കേസെടുത്തത് ഇഡി വരാത്തത് കൊണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
വിജിലന്‍സ് കേസെടുത്താല്‍ ഇഡി പരിശോധനയുണ്ടാകും. അപ്പോള്‍ പ്രതിപക്ഷ നേതാവിനെ ഇഡിക്ക് മുന്നില്‍ നിര്‍ത്താം. ദമാസ്‌ക്കസിന്‍റെ വാളുപോലെ മുഖ്യമന്ത്രിക്ക് നേരെ ഇത്തരത്തില്‍ ഒരു അന്വേഷണം വരാം. അതിനെ നേരിടാനാണ് ഇപ്പോള്‍ ഇത്തരമൊരു നടപടി. ഇഡി വിശദമായി പദ്ധതി സംബന്ധിച്ച് അന്വേഷിക്കണം.
എല്ലാ രീതിയിലും അന്വേഷണവുമായി താന്‍ സഹകരിക്കും. ഇടവേളകളിട്ട് ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് ഒരു അവസാനമുണ്ടാകും. നിയമസഭയില്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
വിദേശ ഫണ്ട് എങ്ങനെ നിയമപരമായി കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സൈബര്‍ ഇടങ്ങളില്‍ അടക്കം ആക്രമണം നടത്തുകയാണ്. ഇഡി അന്വേഷണത്തിലൂടെ ഇതിന് ഒരു അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിയമവിരുദ്ധമായി ഇഡി പ്രവര്‍ത്തിച്ചാല്‍ ചോദ്യം ചെയ്യാന്‍ നിയമ സംവിധാനമുണ്ട്. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം വഴിമാറിയാല്‍ അതിനെ നിയമപരമായി നേരിടും. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്യിലുണ്ട്. പരാതിയില്‍ പറഞ്ഞത് പോലെ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കട്ടെയെന്നും സതീശന്‍ പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോയെന്നതിലാണ് ഇഡി പ്രാഥമിക പരിശോധന നടത്തുന്നത്. വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെയാണ് ഇഡിയും പരിശോധന തുടങ്ങിയത്. സതീശന്‍റെ വിനോദയാത്ര, പണപ്പിരിവ്, പണത്തിന്‍റെ വിനിയോഗം എന്നിവയെല്ലാം ഇഡി പരിശോധിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചുവെന്നാണ് വിഡി സതീശനെതിരായ ആരോപണം. ചാലക്കുടി കാതിക്കൂചം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രളയത്തിന് ശേഷം പറവൂരില്‍ നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ജനി. ഇതിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് സര്‍ക്കാര്‍ കേസെടുക്കാന്‍ അനുമതി നല്‍കിയത്. നിയമസഭാംഗത്തിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് അനുമതി തേടി സ്‌പീക്കര്‍ എ.എന്‍ ഷംസീറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാംഗത്തിനെതിരെ കേസെടുക്കാന്‍ തന്‍റെ അനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു സ്‌പീക്കര്‍ നല്‍കിയ മറുപടി. ഇതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
also read:പുനര്‍ജനി പദ്ധതി: വിജിലന്‍സിന് പിന്നാലെ വിഡി സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി