കേരളം

kerala

By

Published : Aug 28, 2021, 5:42 PM IST

ETV Bharat / state

സ്റ്റാലിന്‍റെ ചിത്രം നീക്കം ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് വി.ഡി സതീശന്‍

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്‍റെയും നരഹത്യകളുടെയും കഥകൾ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Cong urges Kerala CPI(M) to remove photos of Stalin from party offices  VD Satheesan  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍  Leader of Opposition VD Satheesan  പഴയ സോവിയേറ്റ് യൂണിയന്‍  Former Soviet Union  തിരുവനന്തപുരം വാര്‍ത്ത
സ്റ്റാലിന്‍റെ ചിത്രം നീക്കം ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം:സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫിസിൽ നിന്ന് നീക്കം ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പഴയ സോവിയേറ്റ് യൂണിയനിലെ യുക്രയിനിൽ ജോസഫ് സ്റ്റാലിന്‍റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടെ ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്ത വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചത്.

മനുഷ്യാവകാശങ്ങളെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ബോധവാന്മാരായ ഇന്നത്തെ സമൂഹത്തെ അദ്‌ഭുതപ്പെടുത്തുന്നതാണ് അസ്ഥികൂടങ്ങൾ കണ്ടെടുത്ത സംഭവം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്‍റെയും നരഹത്യകളുടെയും കഥകൾ തന്നെയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നൊടുക്കിയത് കമ്പോഡിയയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി പോൾ പോട്ട് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മനുഷ്യാവകാശങ്ങളെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ബോധവാന്മാരായ ഇന്നത്തെ സമൂഹത്തെ അദ്‌ഭുതപ്പെടുത്തുന്നതാണ് പഴയ സോവിയേറ്റ് യൂണിയനിലെ യുക്രയിനിൽ കമ്മ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിന്‍റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടെ ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്ത വാർത്ത. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്‍റെയും നരഹത്യകളുടെയും കഥകൾ തന്നെയാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നൊടുക്കിയത് കമ്പോഡിയയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി പോൾ പോട്ട് ആയിരുന്നു. നരഹത്യയിൽ രണ്ടാം സ്ഥാനം ചരിത്രത്തിൽ ജോസഫ് സ്റ്റാലിൻ ആണ്, അഡോൾഫ് ഹിറ്റ്ലർ പോലും മൂന്നാമതാണ്. കഴിഞ്ഞ ദിവസം യുക്രെയിനിൽ കണ്ടെടുത്ത അസ്ഥികൂടങ്ങൾ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലും അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ചരിത്രത്തിന്‍റെ ഭീകരമുഖത്തിന്‍റെ ശേഷിപ്പുകളാണ്.

എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് ശൈലി അതിൽ ആഴത്തിൽ കൊത്തിവച്ചിട്ടുള്ളതാണ്. പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്‍റെ ചിത്രം ഇന്നും തങ്ങളുടെ ഓഫിസുകളിൽ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. ആ ചിത്രത്തിന് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോൾ തങ്ങളുടെ പിൽക്കാലം ഏകാധിപത്യത്തിന്‍റെയും നരഹത്യകളുടേതും ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന പുതുതലമുറയെങ്കിലും അറിയണം.

തങ്ങൾ ജനാധിപത്യവാദികളാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും പ്രവർത്തനങ്ങളിൽ ഏകാധിപത്യ സ്വഭാവം നിഴലിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്‍റെ ശേഷിപ്പുകളാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്‍റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനെങ്കിലും അവർ തയ്യാറാവണം. അടുത്ത ഒരു തലമുറയിൽ പെട്ട അനുഭാവികളെയെങ്കിലും ജനാധിപത്യത്തിന്റെ വഴിയേ ഇരട്ടത്താപ്പുകൾ ഇല്ലാതെ സഞ്ചരിക്കാൻ അത് പ്രേരിപ്പിക്കട്ടെ!!

ALSO READ:കൊച്ചി മയക്കുമരുന്ന് കേസ്; വിട്ടയച്ച യുവതിയെ അറസ്റ്റ് ചെയ്തു

ABOUT THE AUTHOR

...view details