യുഡിഎഫ് ധവളപത്രം പ്രകാശനം ചെയ്‌തു തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുരുതരമായ അവസ്ഥയിലെന്ന് കാണിക്കുന്ന ധവളപത്രം യുഡിഎഫ് പുറത്തിറക്കി. സംസ്ഥാനത്ത് നികുതി പിരിവ് കുറയുകയും ദുര്‍ ചെലവ് വര്‍ധിക്കുകയും ചെയ്‌തുവെന്നതിന് തെളിവുകള്‍ നിരത്തിയും മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ കണക്കെടുപ്പും ഉള്‍പ്പെടെ സൂചിപ്പിച്ചാണ് യുഡിഎഫ് ധവളപത്രം. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക ഭവനമായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ധവളപത്രം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രകാശിപ്പിച്ചു.
ധവളപത്രത്തിന്‍റെ അണിയറ ശില്‍പികള്‍: സിഐജി റിപ്പോര്‍ട്ടുകളും ബജറ്റ് ഡോക്യുമെന്‍റ്സും പരിശോധിച്ച് സി.പി ജോണ്‍ ചെയര്‍മാനായ യുഡിഎഫ് നിയോഗിച്ച ഫിനാന്‍സ് ആന്‍റ് പ്ലാനിങ് സബ് കമ്മറ്റിയാണ് ധവളപത്രം തയ്യാറാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രന്‍ എംപി, ഷംസുദ്ദീന്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്, ഡോ.മാത്യു കുഴല്‍നാടന്‍, സി.ദേവരാജന്‍ എംഎല്‍എ, കെ.എസ് ശബരിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം 2019 ല്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ധവളപത്രം പുറത്തിറക്കിയിരുന്നു. അതിന് തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്.
കടത്തിനുമേല്‍ കടം: സംസ്ഥാനത്തിന്‍റെ നികുതി പിരിവില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും നാല് ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്‍റെ മൊത്തം കടബാധ്യതയെന്നും വി.ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ നികുതി കമ്മിയും ധനകമ്മിയും ഗുരുതരമായി വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പദ് വ്യവസ്ഥ വര്‍ധിക്കുന്നതിനോടൊപ്പം കടവും വര്‍ധിക്കുന്നതു കൊണ്ട് തെറ്റില്ല എന്നതാണ് സര്‍ക്കാരിന്‍റെയും ധനമന്ത്രിയുടെയും ഭാഷ്യം. എന്നാല്‍ ആ വാദത്തെ മുഴുവന്‍ തള്ളി കളയുന്ന രീതിയിലാണ് സംസ്ഥാനത്തിന്‍റെ കടവും പ്രതിശീര്‍ഷ വരുമാനവുമെന്നും കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ 39.1 ശതമാനം ഇപ്പോള്‍ കടമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അപകടമണി മുഴങ്ങുന്നു:സമ്പദ് വ്യവസ്ഥ 30 ല്‍ താഴെ നില്‍ക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റ് നീതി ആയോഗ് ആര്‍ബിഐ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശം. 2027 ല്‍ കേരളത്തിലെ സമ്പദ് വ്യവസ്ഥയില്‍ കടത്തിന്‍റെ തോത് 37 ശതമാനത്തിലേക്ക് പോകുമെന്നായിരുന്നു ആര്‍ബിഐ പറഞ്ഞിരുന്നത്. എന്നാല്‍ 2023 ല്‍ തന്നെ കേരളം ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും മൊത്തം കടത്തോടൊപ്പം ധനകമ്മിയും റവന്യു കമ്മിയും വര്‍ധിച്ചുവെന്നും വി.ഡി സതീശന്‍ അറിയിച്ചു.
നികുതിയിനത്തില്‍ തനത് വരുമാനം ഗൗരവമായി കുറഞ്ഞിരിക്കയാണ്. 71,000 കോടി രൂപയാണ് ബജറ്റില്‍ തനത് വരുമാനം പ്രതീക്ഷിച്ചിരുന്നതെങ്കില്‍ ഇതില്‍ ഏകദേശം 13,000 കോടി രൂപയുടെ കുറവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മൂലധന ചിലവ് സംസ്ഥാനത്ത് 10,000 കോടി പിറകിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇനിയും എത്ര കടമെടുക്കും:ബജറ്റിന് പുറത്തായി ഉണ്ടാക്കിയ കിഫ്ബി സംവിധാനത്തില്‍ നിന്നും 6000 കോടിയുടെ വികസന പ്രവര്‍ത്തനമാണ് നടന്നിട്ടുള്ളത്. കിഫ്ബിയുടെ കൈയില്‍ 3400 കോടി രൂപ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും കടമെടുക്കേണ്ടതുണ്ടെന്നും പൊതുകടവും ഇതിനോടൊപ്പം വര്‍ധിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നികുതി പിരിവിലെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷം നടത്തിയ പഠനത്തിന് സമാനമായ കാര്യങ്ങളാണ് ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റേതായി ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടെന്നും വ്യക്തമാക്കി.
സര്‍ക്കാര്‍ ഞെളിയുന്നത് പിആറിലോ:കടബാധ്യതകള്‍ കൂടിയിരിക്കുന്നുവെന്നും 30,000 കോടിയായിരുന്ന പദ്ധതി 27,000 കോടിയായിട്ട് അടങ്കല്‍ വെട്ടികുറയ്ക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് ഉണ്ടായതെന്ന് സിഎംപി നേതാവ് സിപി ജോണ്‍ ധവളപത്രത്തെ ഉദ്ധരിച്ച് പറഞ്ഞു. നാല് ലക്ഷം വീടുകളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയിട്ടുള്ളത്. എല്‍ഡിഎഫ് രണ്ട് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്ന് വീമ്പടിക്കുന്നുവെന്നും പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഇതിലുള്ള ഇടപെടല്‍ പൂര്‍ണമായും പുനര്‍കേന്ദ്രീകരിച്ച് പരസ്യങ്ങളിലൂടെ നിലനില്‍ക്കുന്ന 'മോദിയന്‍ തന്ത്രമാണ്' പിണറായി പയറ്റുന്നതെന്നും സി.പി ജോണ്‍ കുറ്റപ്പെടുത്തി.