കേരളം

kerala

ETV Bharat / state

'ഒന്നാം പ്രതി മൈക്ക് രണ്ടാം പ്രതി ആംപ്ലിഫയർ'; ജനങ്ങളെ ചിരിപ്പിച്ച് കൊല്ലരുതെന്ന് വി ഡി സതീശൻ

മൈക്കിന് എന്താണ് പറ്റിയത് എന്ന് അന്വേഷിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പ്രതിപക്ഷ നേതാവ്

വി ഡി സതീശൻ  vd satheesan reaction on mic controversy  VD Satheesan  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  മൈക്കിൽ ഹൗളിങ്  മൈക്ക് ഓപ്പറേറ്റർക്കെതിരെ കേസ്  CM MIKE DISTURBANCE
വി ഡി സതീശൻ

By

Published : Jul 26, 2023, 1:42 PM IST

തിരുവനന്തപുരം :ഉമ്മന്‍ ചാണ്ടി അനുസ്‌മരണ പരിപാടിക്കിടെ മുഖ്യമന്ത്രി സംസാരിക്കുമ്പോഴുണ്ടായ മൈക്ക് തകരാറില്‍ കേസെടുത്ത സംഭവത്തിൽ സർക്കാരിനെയും പൊലീസിനെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ ഒന്നാം പ്രതി മൈക്കും, രണ്ടാം പ്രതി ആംപ്ലിഫയറുമാണെന്ന് പറഞ്ഞ വി ഡി സതീശൻ ഇത്രയും വിചിത്രമായ കേസ് കേരളത്തിന്‍റെയോ രാജ്യത്തിന്‍റെയോ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും വ്യക്‌തമാക്കി.

'മൈക്കിൽ ഹൗളിങ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞു കേസെടുത്തിരിക്കുകയാണ്. എത്രയോ പരിപാടികളിൽ ഇത് സംഭവിക്കുന്നതാണ്. കേരളത്തിൽ എന്താണ് നടക്കുന്നത്? ഇതു മുഖ്യമന്ത്രി അറിയുന്നില്ലെന്ന് വിചാരിക്കാനാണ് എനിക്കിഷ്‌ടം. മുഖ്യമന്ത്രിയെ ഓഫിസ് ചിലർ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അടക്കമുള്ള ആളുകളാണ് പൊലീസ് ഭരിക്കുന്നത്. അവർക്ക് കേസെടുക്കൽ ഒരു ഹോബിയാണ്. കേസെടുത്ത് മതിയാകാതെ ഇപ്പോൾ മൈക്കിനും ആപ്ലിഫയറിനും എതിരെ കേസെടുത്തിരിക്കുകയാണ്. ഇങ്ങനെ ചിരിപ്പിക്കരുത്. ജനങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത്' -വി ഡി സതീശൻ പറഞ്ഞു.

വിഡ്ഢി വേഷമാണ് ഇവർ കെട്ടുന്നത്. ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടക്കുന്നത്. ആഭ്യന്തര വകുപ്പിൽ നടക്കുന്ന കാര്യം മുഖ്യമന്ത്രി അറിയുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. വെളിവും സമനിലയും നഷ്‌ടപ്പെട്ട കുറെ ആളുകൾ ഇഷ്‌ടമുള്ളവർക്കെതിരെ കേസെടുത്തിട്ട് അന്വേഷണ ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞിട്ടാണ് ഈ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് അപഹാസ്യമാക്കുന്ന ആളുകളാണ് അവിടെയിരിക്കുന്നത്. മൈക്കിന് എന്താണ് പറ്റിയത് എന്ന് അന്വേഷിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം.

എന്നിട്ട് അവർ പോയി ചൈനയിലും അന്വേഷിക്കട്ടെ. കൊറിയയിലും മാവോയുടെ കാലത്ത് ചൈനയിലും നടന്ന കാര്യങ്ങളുടെ പിന്തുടർച്ചയാണോ കേരളത്തിൽ നടക്കുന്നത്? ഹാളിൽ നിന്ന് ചിരിക്കാൻ പാടില്ലെന്ന് പണ്ട് തീരുമാനിച്ചത് പോലെ ഇന്ന് ഹാളിൽ കറുത്ത മാസ്‌ക് വയ്ക്കാൻ പാടില്ല എന്ന് തീരുമാനിച്ചു. ഇതുപോലുള്ള വിചിത്രമായ ആളുകളെ ചിരിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.

ALSO READ :ഉമ്മന്‍ചാണ്ടി അനുസ്‌മരണ ചടങ്ങിലെ മൈക്ക് പ്രശ്‌നം : തടസം സംഭവിച്ചത് തിക്കും തിരക്കും മൂലമെന്ന് ഓപ്പറേറ്റര്‍ രഞ്ജിത്ത്

അതേസമയം ചൂട് വെള്ളത്തിൽ കുളിക്കാമോയെന്നും വി ഡി സതീശൻ പരിഹാസത്തോടെ ചോദിച്ചു. എന്തൊക്കെ നിയന്ത്രണങ്ങൾ ഇനി ജീവിതത്തിൽ വരുമെന്ന് അറിയില്ല. എല്ലാവരും കൂടിയാലോചിച്ചാണ് ഞങ്ങൾ മുഖ്യമന്ത്രിയെ വിളിച്ചത്. അദ്ദേഹം പങ്കെടുക്കുകയും മടങ്ങി പോവുകയും ചെയ്‌തു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ആരെങ്കിലും പറയുന്നത് കേട്ട് കേരളത്തിലെ പൊലീസ് അപഹാസ്യരാകാൻ നിൽക്കരുത്. പൊലീസുകാർ വഴിയിലൂടെ പോകുമ്പോൾ ആളുകൾ ചിരിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. മൈക്കിന് ഹൗളിങ് വന്നതിന് എന്ത് സുരക്ഷ പരിശോധനയാണ് നടത്തുന്നതെന്ന് അറിയില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടി അനുസ്‌മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെയാണ് മൈക്കിൽ ഹൗളിങ് ഉണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ തകറാർ പരിഹരിക്കുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് പൊലീസ് സ്വമേധയാ കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. പൊതുസുരക്ഷയ്ക്ക്‌ ഭീഷണിയെന്ന 118 ഇ വകുപ്പ് ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

ABOUT THE AUTHOR

...view details