തിരുവനന്തപുരം:അട്ടപ്പാടി മധു കൊലക്കേസില്‍ പതിനാല് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നിന്ന സംഭവമാണ് മധുവിന്‍റെ കൊലപാതകം. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്‍റെ മുഖം. കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്‌ചകളുണ്ടായിട്ടും 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മധുവിന്‍റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാര്‍ഢ്യവും ഈ കേസില്‍ നിര്‍ണായകമായിട്ടുണ്ട്. ആ കുടുംബത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ചയാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സര്‍ക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ല. മധുവിന്‍റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
14 പേർ കുറ്റക്കാർ: മധു കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരനെന്ന് മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റി കോടതി കണ്ടെത്തിയിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ മേച്ചേരിയിൽ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.