തിരുവനന്തപുരം : സിപിഎം നേതാക്കള്‍ കൊള്ളയടിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരില്‍ ഒരാള്‍ക്കും ഒരു രൂപ പോലും നഷ്‌ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവര്‍ത്തിക്കുന്നത് കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Satheesan On Karuvannur Bank Scam). അമ്പതിനായിരത്തില്‍ താഴെ നിക്ഷേപം ഉള്ളവര്‍ക്ക് അത് മടക്കി നല്‍കുമെന്നും ഒരു ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് അമ്പതിനായിരം രൂപ തത്‌കാലം നല്‍കുമെന്നുമാണ് സഹകരണമന്ത്രി ഇന്നലെ പറഞ്ഞത്. അതേസമയം സ്ഥലം വിറ്റും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കരുതി വച്ചതും വിരമിച്ചപ്പോള്‍ കിട്ടിയതുമായ ലക്ഷങ്ങള്‍ നിക്ഷേപിച്ച് സര്‍വതും നഷ്‌ടമായവരുടെ പണം എങ്ങനെ മടക്കി നല്‍കുമെന്ന് സഹകരണ മന്ത്രിയോ സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല (VD Satheesan against CPM).
എന്നിട്ടും ഒരു രൂപ പോലും നഷ്‌ടമാകില്ലെന്ന് ആവര്‍ത്തിക്കുന്നത് പൊതുസമൂഹത്തോടുള്ള പരിഹാസമാണ്. കരുവന്നൂരില്‍ ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നാണ് സഹകരണ മന്ത്രിയുടെ വാക്കുകള്‍ കേട്ടാല്‍ തോന്നുക. കൊള്ളയ്ക്ക് കുട പിടിക്കുന്നവരും കൊള്ളമുതല്‍ വീതം വച്ചവരെ സംരക്ഷിക്കുന്നവരും ആയി സര്‍ക്കാരും സിപിഎമ്മും മാറി എന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി (VD Satheesan criticizing CPM on Karuvannur Bank Scam).