തിരുവനന്തപുരം:സിപിഎം വനിത നേതാക്കളെ പൂതന എന്ന് അധിക്ഷേപിച്ച ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ പ്രസ്‌താവന അങ്ങേയറ്റം സ്ത്രീ വിരുദ്ധമെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ ഒരു നേതാവും ഇതുവരെ നടത്താത്ത തികച്ചും സഭ്യേതരമായ പരമാര്‍ശമാണിത്. ഇത്തരത്തില്‍ തങ്ങളുടെ പാര്‍ട്ടിയിലെ വനിത നേതാക്കളെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് അവഹേളിച്ചിട്ടും ഒറ്റ സിപിഎം നേതാവിന്‍റെ പോലും ചുണ്ടനങ്ങാത്തത് എന്തു കൊണ്ടാണെന്ന് സതീശന്‍ ചോദിച്ചു.
നിയമസഭയിലെ വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദ്ദിച്ചു എന്നാരോപിച്ച് രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനും കെകെ രമയ്‌ക്കെതിരെ രംഗത്തു വന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇക്കാര്യത്തില്‍ പ്രതികരണത്തിന് തയ്യാറാകാത്തത് ബിജെപിയുമായി നിലനില്‍ക്കുന്ന രഹസ്യ ധാരണയുടെ ഭാഗമാണ്. സുരേന്ദ്രന്‍ പ്രസ്‌താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണം. അല്ലെങ്കില്‍ സുരേന്ദ്രനെതിരെ സര്‍ക്കാര്‍ കേസെടുക്കണം. അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ പരാതിയുമായി യുഡിഎഫ് പൊലീസിനെ സമീപിക്കുമെന്ന് സതീശന്‍ വ്യക്തമാക്കി.
സിപിഎം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പരമാര്‍ശത്തിൽ പ്രതികരണം: രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ദിവസം രാജ്യ തലസ്ഥാനത്തു നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്ന് കേരളത്തിലെ 3 എംപിമാര്‍ മുങ്ങിയെന്ന് സിപിഎം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പരമാര്‍ശം തെറ്റിദ്ധാരണ ജനകമാണ്. മൂന്ന് എംപിമാര്‍ വിട്ടു നിന്നു എന്നത് സത്യമാണെങ്കിലും അവര്‍ ഹൈക്കമാന്‍ഡിന്‍റെ അനുമതിയോടെയാണ് മാറി നിന്നത്. ഒഴിവാക്കാനാകാത്ത ചില പരിപാടികൾ ഉള്ളതിനാലാണ് അവര്‍ക്ക് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
അടൂര്‍ പ്രകാശ് എംപിക്ക് വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സത്യഗ്രഹ ജാഥ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ അതിന്‍റെ ചില മുന്നോരുക്കങ്ങള്‍ നടത്തേണ്ടി വന്നതിനാലാണ് ഡല്‍ഹിയിലെത്താന്‍ കഴിയാതിരുന്നത്. 5 ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്രയാണ് അടൂര്‍ പ്രകാശ് നയിക്കുന്നത്. ഇത് മനസിലാക്കാതെ എംപിമാര്‍ മുങ്ങിയെന്ന് പ്രചരിപ്പിക്കുന്നത് മറ്റു ലക്ഷ്യങ്ങളോടെയാണെന്നും വി ഡി സതീശൻ ആരോപിച്ചു.