തിരുവനന്തപുരം:അധികമായി ലഭിച്ച ഇന്ധന നികുതിയിൽ നിന്ന് ബസുകള്‍ക്കും ഓട്ടോ - ടാക്‌സികള്‍ക്കും സബ്‌സിഡി അനുവദിച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തെ നിരക്ക് വർധന ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേന്ദ്ര സർക്കാർ നികുതി വർധിപ്പിച്ചത് മൂലം സംസ്ഥാനത്തിന് 6,000 കോടി രൂപ അധിക നികുതിയായി ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ 25% സ്വകാര്യബസുകള്‍, കെഎസ്ആർടിസി, ഓട്ടോ-ടാക്സികള്‍ എന്നിവയക്ക് സബ്‌സിഡിയായി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്.
എന്നാൽ സംസ്ഥാന സർക്കാർ അതിന് തയ്യാറായില്ല. ഇതാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനവിനെ കാരണമായത്. നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉടൻതന്നെ വർധിക്കും. ഇതോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാവും ഉണ്ടാവുക. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇന്ധന വില വര്‍ധന ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറി. ആ സമയത്ത് വർധിപ്പിക്കാൻ കഴിയാത്തതിൻ്റെ പലിശ കൂട്ടിച്ചേർത്ത് ഇപ്പോൾ വർധിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്തുമാകാം എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാനവ്യാപക പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ഡി സതീശൻ.