തിരുവനന്തപുരം:കോൺഗ്രസിനുള്ളിൽ തന്നെ തെറ്റായ വാർത്തകൾ നൽകുന്ന ഒരു സംഘമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും പരിധി വിട്ടാൽ എന്ത് ചെയ്യണമെന്നറിയാമെന്നും സതീശൻ പറഞ്ഞു. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം, കാര്യങ്ങൾ അന്വേഷിച്ച ശേഷം നൽകണമെന്നും പറഞ്ഞു.
പുനഃസംഘടന സംബന്ധിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി വേണുഗോപാൽ കാര്യങ്ങൾ ചോദിക്കാറുണ്ട്. മറ്റൊരു തരത്തിലുള്ള ഇടപെടലുമില്ലെന്നും സതീശൻ വ്യക്തമാക്കി. നേതാക്കളുടെ പരിഭവം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എല്ലാ കാര്യങ്ങളും കെ. സുധാകരനുമായി ചർച്ച ചെയ്തെന്നും സതീശൻ കൂട്ടിച്ചേർത്തു.
വ്യാജവാർത്തകൾ നൽകുന്ന സംഘം പാർട്ടിയ്‌ക്കുള്ളിലുണ്ടെന്ന് വി.ഡി സതീശൻ ALSO READ:വിദ്യാര്‍ഥികള്‍ക്ക് കേരളം വിട്ടോടേണ്ടി വന്നത് സി.പി.എമ്മിന്‍റെ വികലനയം മൂലമെന്ന് കെ.സുധാകരന്‍
അതേസമയം താനൊരു ഗ്രൂപ്പുമായി പ്രവർത്തിക്കില്ലെന്നും അങ്ങനെ വന്നാൽ ഒരു സ്ഥാനത്തും തുടരില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്‌ചകൾക്ക് ശേഷം പുനഃസംഘടന ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും സതീശൻ സൂചിപ്പിച്ചു.
നേരത്തെ എ, ഐ ഗ്രൂപ്പുകൾ കേന്ദ്ര നേതൃത്വത്തെ സമ്മർദം ചെലുത്തിയാണ് പുനഃസംഘടന നിർത്തിവച്ചതെന്ന് ആക്ഷേപമുണ്ട്. ഇതേ തുടർന്ന് മുതിർന്ന നേതാക്കളെ തൃപ്തിപ്പെടുത്തണമെന്നും ഹൈക്കമാൻഡ് നിർദേശമുണ്ട്. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമൊപ്പം കെ. മുരളീധരൻ പോയതും പാർട്ടിക്കുള്ളിലെ പുതിയ ചേരി തിരിവിൻ്റെ സൂചനയാണ്. അതേസമയം പുനഃസംഘടനയിൽ തീരുമാനമായില്ലെങ്കിലും ഈ ആഴ്‌ച തന്നെ അംഗത്വ പ്രചാരണത്തിലേക്ക് കടക്കേണ്ടി വരും.