തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ആരോഗ്യ പ്രശ്‌നമുണ്ടായിട്ടും കേരളത്തിലെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാന്‍ തയ്യാറാകാത്തതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരിസ്ഥിതി വകുപ്പിന്‍റെ ചുമതലയുള്ള ആളായിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ഗുരുതരമായ ക്രിമിനല്‍ പ്രവൃത്തി നടന്നിട്ടുണ്ട്.
പെട്രോള്‍ ഒഴിച്ച് മാലിന്യം കത്തിക്കുകയാണുണ്ടായത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. കൊച്ചിയില്‍ ഒരു ആരോഗ്യ പ്രശ്‌നവുമില്ലെന്ന് ആരോഗ്യമന്ത്രിയ്‌ക്ക് ആരാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട് നൽകിയത്.
കൊച്ചിയില്‍ ജനങ്ങളെ പരിഭ്രാന്തരാക്കാതെ ഒരു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നിട്ടും പത്താം ദിവസമാണ് കൊച്ചിയിലെ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് കേരളത്തിലെ ആരോഗ്യമന്ത്രി പറഞ്ഞത്. ഇത്രയും ഗുരുതരമായ വിഷവാതകം പടർന്നിട്ടും എന്തു കൊണ്ട് ഒരു വിദഗ്‌ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കൊച്ചിയിലെ ജനങ്ങൾക്ക് മേൽ മറ്റൊരു ദുരന്തം:കൊവിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കൊച്ചിയിലെ ജനങ്ങള്‍ക്കുമേല്‍ മറ്റൊരു ദുരന്തം സര്‍ക്കാര്‍ കെട്ടിവയ്‌ക്കുകയായിരുന്നു. ഇത്രയധികം അനാഥത്വം തോന്നിയ മറ്റൊരു സമയം കൊച്ചിയിലെ ജനങ്ങള്‍ക്കുണ്ടായിട്ടില്ല. ഇവിടെ ഒരു പ്രശ്‌ന പരിഹാര സംവിധാനം ഉണ്ടായില്ല. 2020 ല്‍ ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ മാലിന്യ നീക്കം ഏറ്റെടുക്കുകയാണുണ്ടായത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി മാലിന്യ നീക്കം തദ്ദേശ ഭരണ വകുപ്പിന്‍റെ ഉത്തരവാദിത്തമാണ്. എന്നിട്ടും തദ്ദേശഭരണ മന്ത്രി എം ബി രാജേഷ് പ്രശ്‌നത്തെ ലളിത വത്‌കരിക്കുന്നു. പെട്രോള്‍ ഒഴിച്ച് മാലിന്യത്തിന് തീയിട്ട കൊള്ളക്കാരെ മന്ത്രി ന്യായീകരിക്കുകയാണ്. മന്ത്രിയെക്കാള്‍ മികച്ച ഒരു വക്താവിനെ കമ്പനിക്ക് വേറെ കിട്ടാനില്ല.
മാലിന്യ കരാർ കമ്പനിയെ ന്യായീകരിക്കുന്നു: മാലിന്യ കരാർ കമ്പനിക്കുവേണ്ടി പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ നടത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നതിലും നന്നായാണ് മന്ത്രി കരാര്‍ കമ്പനിയെകുറിച്ച് പ്രസംഗിക്കുന്നത്. മുഴുവന്‍ കത്തിത്തീരട്ടെ എന്നാണ് സര്‍ക്കാര്‍ നയം. എന്നാലേ കമ്പനിയെ സഹായിക്കാനാകൂ. തിരുനെല്‍വേലി കോര്‍പ്പറേഷനില്‍ നിന്ന് ആദ്യം കൊടുത്ത സര്‍ട്ടിഫിക്കറ്റില്‍ കമ്പനി 8.5 കോടി രൂപയുടെ മാലിന്യം നീക്കം ചെയ്‌ത പരിചയമാണുണ്ടായിരുന്നത്.
also read:ബ്രഹ്മപുരം : പുകയണയാത്ത പന്ത്രണ്ടാം ദിനം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മന്ത്രി അഴിമതിയ്‌ക്ക് കുട ചൂടുന്നു: അത് പിന്നീട് 10 കോടിയാക്കി തിരുത്തി കമ്പനി നല്‍കിയപ്പോള്‍ തന്നെ കമ്പനിയുടെ ശേഷി എന്താണെന്ന് സര്‍ക്കാരിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും എന്തിന് ഈ കമ്പനിക്ക് കരാര്‍ നല്‍കി. നിയമസഭയില്‍ വന്ന് കമ്പനിയെ ന്യായീകരിക്കുന്ന മന്ത്രി അഴിമതിക്കു കുട പിടിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.
12 ദിവസമായിട്ടും സംഭവത്തെ കുറിച്ച് ഒരു പ്രാഥമിക റിപ്പോര്‍ട്ട് എന്തു കൊണ്ട് ലഭിച്ചില്ല. കാരണം ഇക്കാര്യം കൃത്യമായി അന്വേഷിക്കില്ല. ഈ കമ്പനി നിങ്ങള്‍ക്ക് വേണ്ടപ്പെട്ടതാണ്. എന്നിട്ട് നിയമസഭയില്‍ വന്ന് കൊള്ളക്കാരെ ഒരു മന്ത്രി ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.