വി ഡി സതീശന്‍ പ്രതികരിക്കുന്നു തിരുവനന്തപുരം : ഗണപതിയുമായി ബന്ധപ്പെടുത്തി സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ വിവാദ പ്രസ്‌താവന വര്‍ഗീയ വാദികള്‍ക്ക് ആയുധം നല്‍കുന്നതായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്‌പീക്കര്‍ പ്രസ്‌താവന തിരുത്തണം. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ശാസ്ത്ര ബോധത്തെ മത വിശ്വാസങ്ങളുമായി ആരും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങളിലും വിശ്വാസങ്ങളിലും സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. ചരിത്ര സത്യം പോലെ പ്രധാനമാണ് വിശ്വാസ സത്യവും. സ്‌പീക്കറുടെ പ്രസ്‌താവന വിശ്വാസത്തിന് മുറിവേല്‍ക്കുന്നതായിപ്പോയി. ഇതോടൊപ്പം കൈവെട്ടും കാലുവെട്ടും എന്നെല്ലാമുള്ള ചിലരുടെ പ്രസ്‌താവനകള്‍ വിഷയം വഷളാക്കി.
കെട്ടടങ്ങേണ്ട വിഷയത്തെ മോര്‍ച്ചറി പ്രയോഗം ആളിക്കത്തിച്ചു. സര്‍ക്കാരും സിപിഎമ്മും വിഷയം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയും സംഘപരിവാറും സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
എല്ലാവരും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസും യുഡിഎഫും ഒന്നിപ്പിക്കാനാണ് നോക്കുന്നത്. എരി തീയില്‍ എണ്ണ ഒഴിക്കേണ്ടെന്ന് കരുതിയാണ് പ്രതിപക്ഷം വിഷയത്തില്‍ ചാടി വീഴാത്തത്. എന്നാല്‍ ബിജെപി ഇത്തരം പ്രശ്‌നങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നവരാണ്. കെ സുരേന്ദ്രന്‍റെ ഇംഗിതത്തിനനുസരിച്ച് പ്രതികരിക്കുകയല്ല പ്രതിപക്ഷത്തിന്‍റെ ധര്‍മ്മമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
ശബരിമല സമയത്ത് വിശ്വാസ സംരക്ഷണം നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്. രണ്ടുകൂട്ടരും ഒരു പോലെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. സ്‌പീക്കറും ഗവണ്‍മെന്‍റും ഗൗരവത്തോടെ വിഷയത്തെ കണ്ട്, ആളിക്കത്തുന്ന തീ അണയ്ക്കാനാണ് ശ്രമിക്കേണ്ടത്. വിഷയം ഇന്നുകൊണ്ട് അവസാനിക്കണം.
സിപിഎം നേതാക്കളെല്ലാം ഈ വിഷയത്തില്‍ കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സിപിഎം കുറച്ചുകൂടി ഉത്തരവാദിത്ത ബോധം കാണിക്കണം. എന്‍എസ്എസ് ഒരു വിശ്വാസ സമൂഹമാണ്. അവര്‍ക്ക് അവരുടേതായ രീതിയില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനും സ്വാതന്ത്ര്യമുണ്ട്. ബിജെപിയുടെ നീക്കങ്ങള്‍ മനസിലാക്കാനുള്ള നേതൃത്വം എന്‍എസ്എസിനുണ്ട്.
ഇതുവരെ അവരുടെ ആസ്ഥാനത്ത് സംഘപരിവാറിനെ പ്രവേശിപ്പിക്കാത്ത ഹൈന്ദവ സംഘടനയാണ് എന്‍എസ്എസ്. അവരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ കഴിയില്ല. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ കഴിയില്ല. അത്തരം ഭീഷണികള്‍ക്കൊന്നും എന്‍എസ്എസ് ഇതുവരെ വഴങ്ങിയിട്ടില്ല. മത തീവ്രവാദികള്‍ക്കോ സംഘപരിവാറിനോ ഇതുവരെ കീഴടങ്ങാത്ത പ്രസ്ഥാനമാണ് എന്‍എസ്എസ്. അവരുടെ പ്രസക്തിയും അതുതന്നെയാണ്. പ്രതിപക്ഷം ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല. ഇതിന്‍റെ പേരില്‍ ഒരു വോട്ടും വേണ്ട. നാട്ടില്‍ സമാധാനമുണ്ടായാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.