വി ഡി സതീശൻ മാധ്യമങ്ങളോട് തിരുവനന്തപുരം : സർക്കാരിന്‍റെ ക്രൂരമായ അവഗണനയുടെ അവസാന ഉദാഹരണമാണ് ആത്മഹത്യ ചെയ്‌ത പ്രസാദ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക ആത്മഹത്യകൾ ഇനിയും ഉണ്ടാകാനാണ് സാധ്യത. നെല്ല് സംഭരണത്തിൽ സർക്കാർ പരാജയപ്പെട്ടു. ഭയാനകമായ സാമ്പത്തിക സാഹചര്യങ്ങളിലൂടെയാണ് സർക്കാർ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് പണം കിട്ടാത്തതുകൊണ്ടുമാത്രമല്ല ഈ സാമ്പത്തിക ഞെരുക്കം. നികുതി വെട്ടിപ്പ് തടയുന്നതിൽ വലിയ വീഴ്‌ചയാണ് സംഭവിക്കുന്നത്. ജിഎസ്‌ടി ഇന്‍റലിജൻസ് കമ്മിഷണർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ജിഎസ്‌ടി ഇന്‍റലിജൻസ് വിഭാഗത്തിൽ വലിയ അഴിമതി നടക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ജിഎസ്‌ടി ഇൻ്റലിജൻസ് അഡീഷണൽ കമ്മിഷണറെ കൊണ്ട് കേരളീയത്തിന് പണം പിരിച്ചു. നവകേരള സദസ് സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ്. സഹകരണ ബാങ്കുകളോട് ഉൾപ്പടെ നവകേരള സദസിന് ഫണ്ട് കൊടുക്കാൻ പറയുകയാണ്. യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കുകൾ നവകേരള സദസിന് പണം നൽകില്ല. സർക്കാരിൻ്റെ ചിലവിൽ പാർട്ടിയുടെ പ്രചാരണ പരിപാടി വേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
സർക്കാർ ഓഫിസുകളിൽ സ്റ്റാമ്പ് വാങ്ങാൻ പോലും പണമില്ല. ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ആദ്യ സർക്കാരായി പിണറായി സർക്കാർ മാറി. ധനപ്രതിസന്ധി ഉണ്ടെന്ന് ഹൈക്കോടതിയിൽ സമ്മതിച്ചെങ്കിലും മുഖ്യമന്ത്രിക്ക് സമ്മതിക്കാൻ മടിയാണ്.
കേരളത്തിൽ ഇഡിയുടെ സമീപനം സർക്കാരിനെ സഹായിക്കുന്ന തരത്തിലാണ്. കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ പരിപാടിയുമായി കോൺഗ്രസ് സഹകരിക്കില്ല. സിപിഎമ്മുമായി സഹകരിച്ചുള്ള ഒരു സമരത്തിനും കോൺഗ്രസ് ഇല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾക്ക് വിലവർധിപ്പിക്കില്ല എന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനത്തില്‍ നിന്നും ഇടതുമുന്നണി സർക്കാർ പിന്നോട്ട് പോയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Also read:കട ബാധ്യത; ആലപ്പുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി, കൃഷിയില്‍ പരാജയപ്പെട്ടു എന്ന് ഫോണ്‍ സംഭാഷണം
കർഷകന്‍റെ ആത്മഹത്യ: കടബാധ്യതയാണ് (debt) കർഷകനായ പ്രസാദിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്നാണ് സൂചന. വായ്‌പയ്ക്കായി ബാങ്കിനെ സമീപിച്ചെങ്കിലും പണം ലഭിച്ചിരുന്നില്ല. പിആര്‍എസ് കുടിശിക ചൂണ്ടിക്കാട്ടിയായിരുന്നു പ്രസാദിന്‍റെ വായ്‌പ നിഷേധിച്ചത്. പിആര്‍എസ് കുടിശിക സര്‍ക്കാര്‍ അടയ്ക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. താനില്ലാതെ വന്നാല്‍ തന്‍റെ കുടുംബത്തിന് ഒരു പ്രശ്‌നവും വരാതെ നോക്കിക്കൊള്ളണമെന്നും കൃഷിയിൽ പരാജയപ്പെട്ടുവെന്നും പ്രസാദ് പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
ബിഎംഎസ് തകഴി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ്, ഭാരതീയ കിസാൻ സംഘ് ജില്ല പ്രസിഡന്‍റ്, അയ്യപ്പ സേവ സംഘം കുന്നുമ്മല്‍ ശാഖ പ്രസിഡന്‍റ് എന്നീ ചുമതലകൾ നിർവഹിച്ചു വരികയായിരുന്നു ആത്മഹത്യ ചെയ്‌ത പ്രസാദ്. ആര്‍എസ്എസ് കുന്നുമ്മല്‍ ശാഖ കാര്യവാഹക്, തകഴി ശ്രീധർമ്മശാസ്‌താ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് എന്നീ ചുമതലകളും പ്രസാദ് വഹിച്ചിട്ടുണ്ട്.