തിരുവനന്തപുരം :ശബരിമലയില്‍ ഈ മണ്ഡലകാലത്ത് തീര്‍ഥാടകര്‍ക്ക് ദര്‍ശനം ഒരുക്കിക്കൊടുക്കുന്നതിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (Sabarimala Pilgrimage: VD Satheesan allegations against state government and devaswom board). 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്‍റെയും ദേവസ്വത്തിന്‍റെയും കടമയാണ്. എന്നാല്‍, ആ കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്ന ദയനീയമായ കാഴ്‌ചയാണ് ശബരിമലയില്‍ കണ്ടത്.
ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ തീര്‍ഥാടന കേന്ദ്രത്തില്‍ ചരിത്രത്തിലാദ്യമായി ഭക്തര്‍ പാതിവഴിയില്‍ മാല അഴിച്ചുവച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു (VD Satheesan Wrote a Letter To CM Pinarayi Vijayan On the Sabarimala Issue). ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ കടുത്ത അലംഭാവമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. നിരവധി ദിവസങ്ങളില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ് ഉണ്ടായത്.
വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളം കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നില്‍ക്കുന്ന കാഴ്‌ച ഹൃദയഭേദകമായിരുന്നു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം വരെ ഉണ്ടായി. മണ്ഡലകാലത്തിന് മുന്നോടിയായി മുന്നൊരുക്കങ്ങളോ, അവലോകനമോ നടത്താത്തതാണ് ഇതിന്‍റെ പ്രധാന കാരണം.
കാര്യമായ അവലോകന യോഗങ്ങള്‍ നടക്കാത്തതും പൊലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങളും തീര്‍ഥാടന കാലത്തെ ദോഷകരമായി ബാധിച്ചു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീര്‍ഥാടനമാണ് ഇത്തവണ താറുമാറായത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചിരുന്നു. തിരക്ക് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ ഈ മണ്ഡലകാലത്ത് ഉണ്ടായ സംഭവങ്ങള്‍ ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.