തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ (Oommen chandy) മകൾ അച്ചു ഉമ്മനെ (Achu oommen) സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഐഎച്ച്ആര്‍ഡി (IHRD) ഉദ്യോഗസ്ഥൻ നന്ദകുമാറിൻ്റെ പുനർനിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). മുഖ്യമന്ത്രിക്ക് അദ്ദേഹം ഇതുസംബന്ധിച്ച കത്ത് നൽകി. അച്ചു ഉമ്മന്‍റെ (Achu Oommen) പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയതല്ലാതെ ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് സതീശന്‍ ആരോപിച്ചു.
സ്ത്രീത്വത്തെ അപമാനിച്ച നന്ദകുമാറിനെ സർവീസിൽ നിന്ന് പുറത്താക്കുകയും അയാൾക്കെതിര ക്രിമിനൽ കേസെടുക്കുകയും വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയായി കഴിഞ്ഞ വർഷം മെയിൽ വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുമ്പാണ് ഐഎച്ച്ആര്‍ഡിയില്‍ നിയമിച്ചത്. നന്ദകുമാറിന്‍റെ പുനർനിയമനത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ആരോപണം ഉയർന്നിട്ടുണ്ട്. നന്ദകുമാർ കൊളത്താപ്പിള്ളി എന്ന അക്കൗണ്ട് വഴിയാണ് ഇയാൾ അച്ചു ഉമ്മനെതിരെ പോസ്‌റ്റിട്ടത്. പൊലീസ് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
കത്തിന്‍റെ പൂർണ രൂപം (Full Text Of The Letter):അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയ ഐഎച്ച്ആര്‍ഡി അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ നന്ദകുമാറിനെ സർവീസിൽ നിന്നും പുറത്താക്കണം. കഴിഞ്ഞ വർഷം മെയിൽ സെക്രട്ടേറിയറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുൻപാണ് ഐഎച്ച്‌ആര്‍ഡിയില്‍ നിയമിച്ചത്. സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ നന്ദകുമാറിനെ ഇപ്പോഴത്തെ തസ്‌തികയിൽ നിന്ന് ഉടൻ നീക്കം ചെയ്യണം.
അച്ചു ഉമ്മന്‍റെ പരാതിയില്‍ കേസെടുത്ത് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. ഉന്നത സിപിഎം ബന്ധമാണ് ഇയാൾക്ക് പൊലീസ് നൽകുന്ന സംരക്ഷണത്തിന് കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്‌ത ഒരു ക്രിമിനലിനെ സംരക്ഷിക്കുന്നത് സർക്കാരിന് അപമാനമാണ്.