തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം നൂറുദിന കർമ്മപരിപാടി മറ്റൊരു പിആർ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് തന്നെയാണ് മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഭരണ പരാജയത്തിന്‍റെ ജാള്യത മായ്ക്കാനുള്ള പിആർ തന്ത്രമാണ് ഈ പ്രഖ്യാപനങ്ങളെന്നും വിഡി സതീശൻ ആരോപിച്ചു.
പരമാവധി ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌ത് നിയമനം നടത്തുമെന്നായിരുന്നു സർക്കാരിന്‍റെ ആദ്യ 100 ദിന കർമ്മപരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം. രണ്ടാം 100 ദിന കർമ്മപരിപാടിയിൽ ഇതിനെപ്പറ്റി ഒന്നും പറയുന്നില്ല. സെക്രട്ടേറിയറ്റിൽ പോലും 250 ഓളം ഒഎ തസ്‌തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്‌തികകളും ഉൾപ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്.
തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന പുതിയ പദ്ധതികളൊന്നും തന്നെ ഈ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല. എല്ലാ വകുപ്പുകളിലും പിൻവാതിലിലൂടെ ഉള്ള കരാർ നിയമനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. നൂറു ദിവസത്തിനുള്ളിൽ 140 നിയമസഭാ മണ്ഡലങ്ങളിലെ നൂറ് കുടുംബങ്ങൾക്ക് വീതവും മുപ്പതിനായിരം സർക്കാർ ഓഫീസുകൾക്ക് ഫോൺ കണക്ഷൻ നൽകുമെന്നാണ് മറ്റൊരു വാഗ്‌ദാനം.
2017 - 18 ബജറ്റിൽ പ്രഖ്യാപിച്ച കെഫോൺ പദ്ധതി 18 മാസംകൊണ്ട് പൂർത്തിയാക്കുമെന്നാണ് ബജറ്റിൽ പറഞ്ഞിരുന്നത്. അഞ്ചുവർഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും സൗജന്യ ഇന്‍റർനെറ്റ് നൽകാൻ കഴിഞ്ഞിട്ടില്ല. ലൈഫ് മിഷൻ വഴി 20000 വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവന സമുച്ചയങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ 2020 ജൂലൈയിൽ അപേക്ഷ നൽകിയ ഒൻപതു ലക്ഷത്തിലേറെ പേരിൽ നിന്ന് അന്തിമപട്ടിക പോലും ഇതുവരെ തയ്യാറായിട്ടില്ല.