തിരുവനന്തപുരം :ലോക കേരള സഭയിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് സംബന്ധിച്ച് വ്യവസായി എം.എ യൂസഫലി നടത്തിയ പരാമർശം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടാണ് യു.ഡി.എഫ് ലോക കേരളസഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. സർക്കാറിനെതിരെ രാഷ്ട്രീയ സമരം നടക്കുമ്പോൾ മുഖ്യമന്ത്രിയുമായി വേദി പങ്കിടാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അക്കാര്യത്തെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നിട്ടും യൂസഫലി ഇത്തരമൊരു പരാമർശം നടത്തിയത് ശരിയായില്ല. അദ്ദേഹത്തിന്‍റേത് തെറ്റായ പരാമര്‍ശമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് അനുകൂല സംഘടനകളുടെ പ്രതിനിധികൾ ലോക കേരളസഭയിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം ഇതിനെ മറ്റൊരു രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
യൂസഫലിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് വി.ഡി സതീശന്‍ also read:ലോക കേരള സഭ ബഹിഷ്‌കരണം; യു.ഡി.എഫ് നിലപാട് പ്രവാസികളോടുള്ള ക്രൂരതയെന്ന് സി.പി.എം
വ്യക്തിപരമായി രാഷ്‌ട്രീയമുണ്ടെങ്കിലും അതൊന്നും നോക്കാതെ എല്ലാ നേതാക്കളെയും ഒരു പോലെ സ്‌നേഹിക്കുന്നവരാണ് പ്രവാസികളെന്ന് യൂസഫലി പറഞ്ഞിരുന്നു. ഏത് നേതാവ് വന്നാലും ഭക്ഷണവും പാര്‍പ്പിടവും നല്‍കാറുമുണ്ടെന്നും അപ്പോള്‍ പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്‍റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുതെന്നും യൂസഫലി പരാമര്‍ശിച്ചിരുന്നു.
ഇതിനോടായിരുന്നു സതീശന്‍റെ പ്രതികരണം. പ്രവാസികൾക്ക് ഭക്ഷണവും താമസവും നൽകുന്നത് ധൂർത്താണെന്ന് പ്രതിപക്ഷം ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ശങ്കരനാരായണൻ തമ്പി ഹാൾ നവീകരണം അടക്കമുള്ള പ്രവർത്തനങ്ങളിലാണ് ധൂർത്ത് ആരോപിച്ചതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.